pic

ബെർലിൻ : കൊതുക് കടിയേൽക്കാത്തവരായി ആരും കാണില്ല. സൂചി കുത്തുന്ന പോലുള്ള വേദന മാത്രമല്ല, ചിലപ്പോൾ ഡെങ്കി പോലുള്ള രോഗങ്ങൾക്കും കൊതുകിന്റെ കടി കാരണമാകുന്നു. ചില പ്രത്യേക വൈറസിനെയോ സൂഷ്മ ജീവിയേയോ വഹിക്കുന്ന കൊതുക് മനുഷ്യരിൽ ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നു.

അടുത്തിടെ ജർമ്മനിയിൽ ഒരു യുവാവ് ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും കോമ അവസ്ഥിയിലാവുകയും ചെയ്തു. 30 ശസ്ത്രക്രിയകളും ഇദ്ദേഹത്തിന് വേണ്ടി വന്നു. എല്ലാത്തിനും കാരണം ഒരു കൊതുകായിരുന്നു. ! റോഡർമാർക്ക് സ്വദേശിയായ സെബാസ്റ്റ്യൻ റോഷ്ക് എന്ന 27കാരനാണ് ഈ അപൂർവ അവസ്ഥയിലൂടെ കടന്നുപോയത്. മരണ മുഖത്ത് നിന്ന് തലനാരിഴെയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.

2021ൽ ഒരു ഏഷ്യൻ ടൈഗർ ഇനത്തിലെ കൊതുക് സെബാസ്റ്റ്യനെ കടിക്കുകയുണ്ടായി. പനിയുടേത് പോലുള്ള ലക്ഷണങ്ങളാണ് സെബാസ്റ്റ്യന് ആദ്യമുണ്ടായത്. എന്നാൽ ഒടുവിൽ സെബാസ്റ്റ്യന് അണുബാധയെ തുടർന്ന് തന്റെ രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചുകളയേണ്ടി വന്നു. കൂടാതെ മുപ്പത് ശസ്ത്രക്രിയയ്ക്ക് വിധേയനുമായി. ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാതെ നാലാഴ്ചയാണ് കോമയിൽ കിടന്നത്.

രക്തത്തിൽ വിഷബാധയുണ്ടായ സെബാസ്റ്റ്യന്റെ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവ നിരവധി തവണ തകരാറിലായി. തുടയിൽ രൂപപ്പെട്ട മുഴ അണുബാധയ്ക്ക് കാരണമായതോടെ ഇത് നീക്കാൻ സ്കിൻ ട്രാൻസ്പ്ലാന്റേഷനും വിധേയമായി. കൊതുക് കടിയിലൂടെ ശരീരത്തിൽ കടന്നുകയറിയ സറേഷ്യ മാർസെസിൻസ് എന്ന ബാക്ടീരിയയാണ് ഇതിനെല്ലാം വഴിവച്ചത്. അപകട നില തരണം ചെയ്തെങ്കിലും സെബാസ്റ്റ്യൻ ഇപ്പോഴും ചികിത്സ തുടരുകയാണ്. പകൽ സമയങ്ങളിൽ കടിക്കുന്ന ഏഷ്യൻ ടൈഗർ കൊതുകുകൾ ഡെങ്കി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങളും പരത്തും.