hh

ദോഹ: പരിക്കേറ്റ സൂപ്പർതാരം നെയ്‌മറില്ലാതെ ഗ്രൂപ്പ് ജിയിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങിയ ബ്രസീൽ സ്വിറ്റ്സർലൻഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത് പ്രീക്വാർട്ടറിൽ കടന്നു. കസെമിറയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. രണ്ട് മത്സരങ്ങളിൽ നിന്ന് ആറുപോയിന്റ് നേടിയ ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതാണ്. മൂന്നുപോയിന്റുമായി സ്വിറ്റ്‌സർലൻഡ് രണ്ടാംസ്ഥാനത്തും ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെർബിയയും മൂന്നും നാലും സ്ഥാനങ്ങളിലാണ്.

മത്സരത്തിൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും നെയ്മറിന്റെ അഭാവം ആക്രമണനിരയിൽ പ്രകടമായിരുന്നു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാൻ ബ്രസിൽ മുന്നേറ്റ നിരയ്ക്കായില്ല. അതേസമയം സ്വിസ് നിരയ്ക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചതുമില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ സ്വിസ് നിര ആക്രമിച്ച് കളിക്കാൻ തുടങ്ങി. എന്നാൽ ഗോൾ മാത്രം മാറി നിന്നു. 64ാം മിനിട്ടിൽ കസെമിറയുടെ ലോംഗ്ബാൾ കണക്ട് ചെയ്ത വിനീഷ്യസ് പന്ത് സ്വിസ് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് വിധിച്ചു 83ാം മിനിട്ടിൽ കസെമിറയുടെ ഗോളിലൂടെ ബ്രസീൽ വിജയവും പ്രീക്വാർട്ടർ ബെർത്തും ഉറപ്പിക്കുകയായിരുന്നു.