
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് വഞ്ചനാദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി മെഴുകുതിരികൾ കത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും ഉണ്ടാവും. മുല്ലൂരിലെ ഉപരോധ സമരപന്തലിൽ ഇന്ന് പൊതുസമ്മേളനം നടത്തും.
അതേസമയം, സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ പൊലീസിന്റെ നടപടികൾക്കെതിരെ കനത്ത വിമർശനം ലത്തീൻ സഭ ഉന്നയിച്ചിരുന്നു. പ്രശ്‌നം ചർച്ച ചെയ്യുന്നതിന് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്‌ടറേറ്റിൽ നടന്ന യോഗം തീരുമാനം എടുക്കാനാകാതെ പിരിയുകയായിരുന്നു. പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അതേ സമയം സമരസമിതി ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാ പാർട്ടികളും അപലപിച്ചപ്പോൾ സമരസമിതി ഇത് പൊലീസ് നടപടിയോടുളള സ്വാഭാവിക പ്രതികരണമാണെന്നാണ് പ്രതികരിച്ചത്.