health

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ആർത്തവം. അതിനാൽ ആർത്തവ സമയത്തെ ശുചിത്വവും നിങ്ങളുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ആർത്തവ സമയത്ത് നിങ്ങൾ ഉപയോഗിക്കുന്ന സാനിറ്ററി പാ‌ഡുകൾ മാരകമായ പല അസുഖങ്ങൾക്കും കാരണമാകുമെന്നാണ് ഒരു പുതിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

വന്ധ്യത, ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ സാനിറ്ററി പാ‌ഡുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായത്. പെയിന്റ്, വുഡ് പ്രിസർവേറ്റീവുകൾ, എയറോസോൾ സ്‌പ്രേകൾ, കീടനാശിനികൾ എന്നിവയുടെ നിർമാണത്തിനുപയോഗിക്കുന്ന ഹാനികരമായ രാസവസ്തുക്കളാണ് സാനിറ്ററി പാഡിൽ ഉപയോഗിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പാഡുകൾ മാത്രമല്ല, ടാംപൂണുകളിലും മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. 50 വയസ് കഴിയുമ്പോഴാണ് പലരിലും ഇത്തരത്തിലുള്ള രോഗങ്ങൾ കണ്ടുതുടങ്ങുന്നത്.

പരിഹാരം

ആരോഗ്യം നഷ്ടപ്പെടാതിരിക്കുന്നതിനും പാരിസ്ഥിക പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മെൻസ്ട്രൽ കപ്പ്, തുണി പാഡുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച ശേഷം ഇവ വൃത്തിയാക്കാൻ മറക്കരുത്. അല്ലാത്തപക്ഷം അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്.

മുൻകരുതലുകൾ

1. പാഡ് അല്ലെങ്കിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി വൃത്തിയാക്കുക.

2. ഓരോ നാല് മണിക്കൂർ കൂടുമ്പോഴും പാഡുകൾ മാറ്റുക. ദിവസത്തിൽ ഒരു തവണ മെൻസ്ട്രൽ കപ്പും വൃത്തിയാക്കുക.

3. സുഗന്ധമുള്ള പാഡുകൾ ഒഴിവാക്കുക.

4. യോനിയുടെ ഭാഗത്ത് സോപ്പ് പോലുള്ള വസ്തുക്കൾ അമിതമായി ഉപയോഗിക്കാതിരിക്കുക.