
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്കു പരിഹാരം കാണാൻ ഐക്യരാഷ്ട്രസഭയുടെ കൂട്ടാളികളുടെ 27-ാം സമ്മേളനം അംഗരാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും വെല്ലുവിളികളും പരിഹരിച്ചാണ് സമാപിച്ചത്. സി.ഒ.പി. 27 അജൻഡ നടപ്പാക്കാനുള്ള തീരുമാനമെടുത്തോടെ ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിഷയങ്ങളിൽ കാര്യമായ മുന്നേറ്റം സാദ്ധ്യമായി. ആഗോളതലത്തിൽ വ്യവസായമേഖലകളിൽ 1.5 ഡിഗ്രി സെൽഷ്യസിൽ ചൂട് നിയന്ത്രിക്കുക എന്ന പാരീസ് ഉടമ്പടിയിലെ ലക്ഷ്യത്തിലേക്കെത്താൻ സഹായിക്കുന്ന ലോസ് ആൻഡ് ഡാമേജ് ഫണ്ടിങ് പോലുള്ള കരാറുകളിൽ ധാരണയിലെത്തി.
സി.ഒ.പി27ന്റെ ഫലങ്ങൾ, വ്യക്തിഗതമായോ വികസ്വരരാഷ്ട്രങ്ങളുടെ കൂട്ടായ ശബ്ദമെന്ന നിലയിലോ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആശങ്കകൾ, കാഴ്ചപ്പാടുകൾ, നിർദ്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. 2019ലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ 2030 ഓടെ ആഗോള ഹരിതഗൃഹവാതക ബഹിർഗമനത്തിൽ 43 ശതമാനം കുറവ് വരുത്തൽ ആവശ്യമാണെന്നു ഷാം എൽഷെയ്ഖ് നടപ്പിലാക്കൽ പദ്ധതി അംഗീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽനിന്നു ഭൂമിയെ സംരക്ഷിക്കാനുള്ള ഈ സംയുക്തപ്പോരാട്ടത്തിൽ, രാജ്യങ്ങൾക്കായി കാലാവസ്ഥാ പ്രവർത്തനലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നു.
''പുതിയതോ അതതു രാജ്യങ്ങൾ നിശ്ചയിക്കുന്നതോ ആയ ആശയങ്ങൾ (എൻഡിസി) എത്രയും വേഗം പങ്കുവയ്ക്കാൻ'' നടപ്പാക്കൽ പദ്ധതി അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. സി.ഒ.പി 26നു ശേഷം മെച്ചപ്പെട്ട എൻ.ഡി.സികൾ സമർപ്പിച്ച 29 രാജ്യങ്ങളിൽ മാത്രമല്ല, ഗ്ലാസ്‌ഗോയിൽ നെറ്റ് സീറോ പ്രഖ്യാപനത്തിനുശേഷം ഒരുവർഷത്തിനുള്ളിൽ ദീർഘകാലത്തേക്കുള്ള കുറഞ്ഞ കാർബൺ പുറന്തള്ളൽ വികസനപദ്ധതി സമർപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ നവീന പരിഹാരങ്ങളുടെ ഭാഗമാകാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നത്.
വികസ്വരരാജ്യങ്ങളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതിനു കാലാവസ്ഥാ ധനകാര്യം, സാങ്കേതികവിദ്യാ കൈമാറ്റം, സാഹചര്യത്തോട് പൊരുത്തപ്പെടാനായി ശേഷി വർദ്ധിപ്പിക്കൽ എന്നിവ അടിയന്തരമായും ഗണ്യമായും മെച്ചപ്പെടുത്താൻ യോഗം അഭ്യർത്ഥിച്ചു. വികസ്വരരാജ്യങ്ങളുടെ ആവശ്യങ്ങളുടെ അളവിന് ആനുപാതികമാണോ വിഭവങ്ങളുടെ തോത് എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് അർഹമായ പ്രാധാന്യം ലഭിക്കേണ്ടതിന് ഇന്ത്യ വളരെക്കാലമായി പോരാടുന്നു.
ഇന്ത്യയെ സംബന്ധിച്ചുണ്ടായിരുന്ന മറ്റൊരു പ്രധാന പ്രശ്നം ''സുസ്ഥിര ജീവിതശൈലികളിലേക്കുള്ള പരിവർത്തനം, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങളിൽ ഉപഭോഗത്തിന്റെയും ഉത്‌പാദനത്തിന്റെയും സുസ്ഥിരമായ രീതികൾ'' എന്നിവ ഷാം എൽഷെയ്ഖ് നടപ്പാക്കൽ പദ്ധതിയുടെ പ്രധാന തീരുമാനങ്ങളിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. ഒക്ടോബർ 20നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ചേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത പരിസ്ഥിതിക്കായുള്ള ജീവിതശൈലി പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ദൗത്യത്തിനുള്ള പിന്തുണ എന്ന നിലയിലാണ് ഈ നടപടി.
പാരീസ് ഉടമ്പടിപ്രകാരം കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള പുതിയ ലക്ഷ്യത്തിലേക്കു കൂട്ടായി നീങ്ങുന്നതിനും സി.ഒ.പി 27 വേദിയൊരുക്കുന്നു. കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള ഒരുമിച്ചുള്ള പുതിയ ലക്ഷ്യം സംബന്ധിച്ച ചർച്ചകളിൽ കാര്യമായ പുരോഗതിയുടെ ആവശ്യം യോഗം അംഗീകരിച്ചു. ഇത് വികസ്വരരാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുക്കും.
കാലാവസ്ഥാ നീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വികസ്വരരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ആശങ്കകളും പ്രശ്നങ്ങളും അഭിസംബോധന ചെയ്യുകയും ചെയ്യുന്ന പദ്ധതിരേഖ സി.ഒ.പി27ലെ തീരുമാനങ്ങളിൽ ഉൾപ്പെട്ടതായി ഇന്ത്യ മനസിലാക്കുന്നു. അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യം തുടങ്ങിയ നിരവധി അന്താരാഷ്ട്ര സഖ്യങ്ങൾക്കു രൂപംനൽകിയ ഇന്ത്യ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പോരാട്ടത്തിൽ ഒരു രാജ്യവും പിന്നോട്ടു പോകരുതെന്ന് അഭ്യർത്ഥിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന രാജ്യങ്ങൾക്കായി ഇന്ത്യ പ്രത്യേക പദ്ധതി സൃഷ്ടിക്കുകയും കാലാവസ്ഥാ ചർച്ചകളിൽ കാലാവസ്ഥാ നീതി തേടുകയും ചെയ്യുന്നുണ്ട്.
ധനകാര്യം മുതൽ സഹകരണം വരെയുള്ള എല്ലാ മേഖലകളിലും അടിയന്തര നടപടികൾക്കും വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനുമുള്ള സാഹചര്യം സി.ഒ.പി27 സൃഷ്ടിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഗണ്യമായ സംഭാവനകൾ നൽകുന്നതിനാൽ ആഗോളസമൂഹവും പ്രത്യേകിച്ച് വികസിതരാജ്യങ്ങളും തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.