brc

ഒന്നര വർഷം മുൻപ് സമഗ്ര ശിക്ഷ കേരളം അടിമാലി ബി ആർ സി യുടെ കീഴിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുറത്തിക്കുടിയിലെ ഗോത്രവർഗ കുട്ടികളുടെ ഒരു പഞ്ചദിന പഠന ക്യാംബിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചായിരുന്നു. അന്നവിടെ മുരളിമാഷിന്റെ ക്ഷണപ്രകാരം പൂട്ടുകയും അവിടെയുള്ള കുട്ടികളെയും മറ്റു പ്രദേശവാസികളെയെയും ഉൾപ്പെടുത്തി 'ഒരേപകൽ' എന്നൊരു ഹ്രസ്വചിത്രം ഞാനും എന്റെ സുഹൃത് സൂരജ് ശ്രീധറും ചേർന്നു നിർമിക്കുകയും ചെയ്തു.


അന്നവിടെ ഷമീർ സാറിന്റെ നേതൃത്വത്തിൽ കുറച്ചു അദ്ധ്യാപകരും അദ്ധ്യാപികമാരും കിലോമീറ്ററുകളോളം കാട്ടിലൂടെ ജീപ്പിൽ സഞ്ചരിച്ചു വന്നു കുട്ടികളെ കളികളിലും, പാട്ടുകളിലും, ഡാൻസുകളിലൂടെയും, മറ്റു കരകൗശല ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലൂടെയും ഒട്ടനവധി അറിവുകൾ പകർന്നു നൽകുന്നത് കാണാനും അവരെയൊക്കെ പരിചയപെടുവാനും സാധിച്ചു. ആൺ പെൺ വ്യത്യാസമില്ലാതെ അവരുടെ ആത്മാർത്ഥയോടെയുള്ള പ്രവർത്തനങ്ങൾ കണ്ടു സത്യത്തിൽ അദ്ധ്യാപകരോടുള്ള ബഹുമാനം വർദ്ധിക്കുകയുണ്ടായി. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരെ മാത്രം പരിചയമുള്ളതു കൊണ്ടായിരിക്കും ഇവരുടെ അത്യദ്ധ്വാനം കണ്ടപ്പോൾ കൂടുതൽ ബഹുമാനം തോന്നിയത്. സർക്കാർ അദ്ധ്യാപകർക്ക് മാന്യമായ ശബളം ലഭിക്കുന്നതുകൊണ്ടു അവരുടെ ആത്മാത്ഥതയും അവരുടെ ജോലിയുടെ ഭാഗമാണെന്നുള്ള പൊതുധാരണയും ഉണ്ടായിരുന്നു. കുറച്ചുമാസങ്ങൾക്കു ശേഷം ഈ സ്പെഷ്യലിസ്റ് അധ്യാപകരുടെ സമരവർത്ത പാത്രത്തിൽ കണ്ടപ്പോഴാണ് ഇവരിൽ പലരും കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ ആണെന്ന് മനസിലായത്. വര്ഷങ്ങള്ക്കു മുമ്പ് എതാണ്ടു മുപ്പതിനായിരം രൂപ എന്ന മാന്യമായ ശമ്പളത്തിൽ ജോലിക്കു കയറിയവരായിരുന്നു ഇവരെല്ലാം.


2016 ഡിസംമ്പർ മുതൽ കരാർ വ്യവസ്ഥയിൽ നിയമിതരായ 2685 ൽ പരം വരുന്ന കലാകായിക പ്രവർത്തി പരിചയ അദ്ധ്യാപകരായ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് ഇത്രത്തോളം ഗതികേടും ചൂഷണവും നേരിടുന്നത്. 29500 രൂപയോളം മാസ ശമ്പളം ലഭിക്കുമെന്ന പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അന്ന് വരെ ചെയ്ത് വന്നിരുന്ന ജോലി ഉപേക്ഷിച്ച് കരാർ വ്യവസ്ഥയിൽ ഈ അദ്ധ്യാപകർ ജോലിയിൽ പ്രവേശിച്ചെങ്കിലും തുടക്കത്തിൽ ട്രാവൽ അലവൻസ് ഉൾപ്പെടെ 26200 രൂപ യാണ് അന്ന് ലഭിച്ചിരുന്നത്. 2016, 17 വർഷങ്ങളിൽ ഇതേ രീതിയിൽ ശമ്പളം ലഭിച്ചെങ്കിലും 2018, 19, 20 തുടങ്ങിയ മൂന്ന് വർഷങ്ങളിൽ കേന്ദ്ര സർക്കാർ ഫണ്ട് വെട്ടിക്കുറച്ചെന്ന കാരണത്താൽ പാർടൈം എന്ന് എഗ്രിമെൻ്റ് ചെയ്യിച്ചു കൊണ്ട് പാർടൈം കാരുടെ പോലും ശമ്പളം നൽകാതെ 14000 രൂപ ശമ്പളത്തിൽ ഫുൾ ടൈമായി ജോലി ചെയ്യിക്കുകയും ചെയ്തു. ഇപ്പോൾ കേന്ദ്ര വിഹിതമായ പതിനായിരം രൂപ മാത്രമേ ശമ്പളമായി ലഭിക്കുന്നുള്ളൂ. 7 മാസമായി സർക്കാർ വിഹിതം നൽകുന്നുമില്ല. പതിനായിരം രൂപയിൽ 2000 രൂപ പി എഫ് ഉം, മറ്റു യാത്ര ചിലവുകളും ഒക്കെ കഴിഞ്ഞാൽ തുച്ഛമായ പൈസ മാത്രമേ ശമ്പളമായി കയ്യിൽ അവശേഷിക്കുകയുള്ളു.
പലപ്പോഴും പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, വിദ്യാഭാസ മന്ത്രിക്കും അടക്കം പലകുറി നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെ ഇവരുടെ ആവശ്യങ്ങൾക്കുമേൽ സർക്കാരിന്റ അനങ്ങാപാറ നയം തുടരുകയായിരുന്നു. തുല്യ ജോലിയ്ക്ക് തുല്യവേതനമെന്നതും ദിവസ വേതനക്കാർക്ക് നൽകുന്ന മിനിമം കൂലി പോലും ഞങ്ങൾക്ക് ലഭിക്കുന്നില്ലായെന്നതും അങ്ങേയറ്റം പരിതാപകരമാണ് എന്നാണു ഇവർ പറയുന്നത്. യു.പി.എസ്.എ അദ്ധ്യാപകരുടെ ശമ്പളം ലഭിക്കുന്നതിന് ഞങ്ങൾക്കും അർഹതയുണ്ടെന്ന് ഹൈക്കോടതിയും, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ച് നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറും ഞങ്ങളുടെ കേസുമായി ബന്ധപ്പെട്ട വിധി ന്യായത്തിൽ പറയുകയുണ്ടായെങ്കിലും അതും ഇതുവരെ സർക്കാർ പരിഗണിക്കാൻ തയ്യാറായിട്ടില്ല.

ഇന്നലെ സമഗ്രശിക്ഷ കേരളം ഓഫിസിനു മുന്നിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ ഉപരോധസമരം സംഘടിപ്പിച്ചു. ജനങ്ങൾക്കു ജീവിക്കാനുള്ള ശമ്പളം തരു അല്ലെങ്കിൽ ഞങ്ങളെ പിരിച്ചുവിടൂ എന്ന് ഗതികേടുകൊണ്ട് കൈക്കുഞ്ഞുമായി വരെ സമരത്തിന് എത്തിയ അദ്ധ്യാപകർ അധികാര വർഗത്തിനോടും, ഭരണകൂടത്തിനോടും വിളിച്ചുപറയുന്നത് കേൾക്കുന്നത് തന്നെ ഒരു പരിഷ്‌കൃത സമൂഹത്തിനു അപമാനമാണ്.


വിദ്യാഭ്യാസം എന്നാൽ വെറും സയൻസും, കണക്കും, സാമൂഹിക പാഠവും, കമ്പ്യൂട്ടറും മാത്രമല്ലെന്നും, ഇവയൊക്കെ മനസിലേക്ക് പതിയണമെങ്കിൽ നല്ല ആരോഗ്യമുള്ള ശരീരവും മനസും അത്യാവശ്യം ആണെന്നും അതിനുള്ള അടിത്തറ ഒരുക്കുന്നതിന് കായിക, കലാ, സംഗീത, പ്രവർത്തിപരിചയ അധ്യാപകരുടെ ഇടപെടലുകൾ എത്രത്തോളം പ്രധാനം ആണെന്നുള്ളത് നമ്മുടെ സമൂഹവും അധികാര വർഗ്ഗവും, നന്നായി മനസിലാക്കിയിട്ടില്ല. ഇവിടെയാണ് തുച്ഛമായ വേതനവും വാങ്ങി അഹോരാത്രം പണിയുടുകുന്ന ഇത്തരം അദ്ധ്യാപകരുടെ മഹത്വം നാം മനസിലാക്കേണ്ടത്.


എസ് പി ഡി മന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം ഒരാഴ്ചക്കുളിൽ മന്ത്രിസഭയുമായി കൂടിയാലോചിച്ച് മിനിമം ശമ്പളം 20000 എങ്കിലും ആക്കിത്തരാമെന്ന എസ് പി ഡി നൽകിയ ഉറപ്പിനെ തുടർന്ന് വൈകിട്ടോടെ ഉപരോധ സമരം അവസാനിപ്പിച്ചു. ഈ ഉറപ്പിന് എത്രദിവസത്തെ ആയുസു ഉണ്ടാകുമെന്നു കണ്ടു തന്നെ കാണണം. ഒരിക്കൽ മന്ത്രി നേരിട്ടു പ്രതിനിധികൾക്ക് നൽകിയ ഉറപ്പു കുറച്ചുനാൾക്കു ശേഷം അതേ ആളുകളോട് ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നു പറഞ്ഞത് പലരുടേയും മനസ്സിൽ ഇന്നും ഒരു മുറിപ്പാടായി നിലനിൽക്കുന്നു. ഈ ഉറപ്പും അതുപോലെ അല്ലാതായി തീരാൻ അവർ ആഗ്രഹിക്കുന്നു അല്ലാത്തപക്ഷം അടുത്തമാസം മുതൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് തിരിയുമെന്നു സമരം ചെയ്ത അദ്ധ്യാപകർ തീരുമാനിച്ചതാണ് ഉപരോധ സ്ഥലത്തുനിന്നു പിരിഞ്ഞത്.


ഒരു നല്ല പുതിയ തലമുറയെ രൂപപ്പെടുത്തി എടുക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് അദ്ധ്യാപക സമൂഹമാണ്. അവരെ ഇത്തരത്തിലുള്ള മാനസിക പ്രതിസന്ധികളിലേക്കു തള്ളിവിട്ട് അതിന്റെ പ്രതിഫലനം അടുത്ത തലമുറയുടെ ഭാവിയെ ബാധിക്കുന്നതിനു ഇടയാക്കാതിരിക്കാൻ ഭരണകൂടം ആത്മാർത്ഥമായി ഇടപെടേണ്ടത് അത്യാവശ്യമാണ്. മാന്യമായ ശമ്പളം കൊടുക്കാനില്ലെങ്കിൽ അവരെ പിരിച്ചുവിടുക വേറെ നല്ല ജോലിവല്ലതും ചെയ്തു അവർ ജീവിച്ചുകൊള്ളും. ഇത്തരം അദ്ധ്യാപകരുടെ സേവനം ഇല്ലെങ്കിലും സ്കൂളിൽ ക്ലാസുകളും നടക്കും പരീക്ഷ എഴുതി വിദ്യാർത്ഥികൾ പാസായി പോവുകയും ചെയ്യും. നല്ല വിദ്യാഭ്യാസം കൊടുക്കുവാൻ കഴിവുള്ള രക്ഷകർത്താക്കൾ അത്തരം ക്വാളിറ്റി വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്ന പ്രൈവറ്റ് സ്കൂളുകളിൽ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുകയും പൊതു വിദ്യാലയ സമ്പ്രദായങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇപ്പോഴും ഇതൊക്കെ ബാധിക്കുന്നതു വളരെ പാവപെട്ട കുടുംബത്തിലെ വിദ്യാത്ഥികൾക്കും അതുപോലെ പാവപെട്ട കുടുംബത്തിലെ അദ്ധ്യാപകർക്കും മാത്രം.