പ്രീ ക്വാർട്ടർ പ്രതീക്ഷകളുമായി അർജന്റീനയും പോളണ്ടും ഏറ്റുമുട്ടുന്നു

ദോഹ : ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് കണ്ണുംനട്ട് ഗ്രൂപ്പ് റൗണ്ടിലെ അവസാനവട്ട പോരാട്ടത്തിന് ബൂട്ടുകെട്ടുകയാണ് മെസിയുടെ അർജന്റീനയും റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടും. ഗ്രൂപ്പ് സിയിൽ രണ്ട് കളികളിൽ ഒരോ വിജയവും സമനിലയുമായി നാലുപോയിന്റുള്ള പോളണ്ട് ഒന്നാമതും ഒരു കളി തോൽക്കുകയുംരണ്ടാം കളി ജയിക്കുകയും ചെയ്ത് മൂന്ന് പോയിന്റുള്ള അർജന്റീന രണ്ടാമതുമാണ്. മൂന്ന് പോയിന്റുള്ള സൗദി മെക്സിക്കോയെയും ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതൽ നേരിടുന്നുണ്ട്.ഈ മത്സരത്തിന്റെ ഫലവും ഗ്രൂപ്പിൽ നിന്നുള്ള പ്രീ ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതിൽ നിർണായകമാവും.

അർജന്റീനയെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ 2-1ന് തോൽപ്പിച്ചിരുന്നു.രണ്ടാം മത്സരത്തിൽ മെക്സിക്കോയെ 2-0ത്തിന് തോൽപ്പിച്ചു. പോളണ്ട് ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം മത്സരത്തിൽ സൗദിയെ കീഴടക്കിയത് 2-0ത്തിനായിരുന്നു.

സാദ്ധ്യതകൾ ഇങ്ങനെ

മെക്സിക്കോയ്ക്ക് എതിരെ വിജയം നേടിയെങ്കിലും അർജന്റീനയ്ക്ക് പ്രീ ക്വാർട്ടർ ഉറപ്പായിട്ടില്ല. രണ്ട് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ നാല് ടീമുകൾക്കും സാധ്യതയുണ്ട്. അവസാന മത്സരങ്ങളാകും ഗ്രൂപ്പിൽ നിന്ന് മുന്നേറുന്നവരെ തീരുമാനിക്കുക.

ഇന്ന് പോളണ്ടുമായി തോറ്റാൽ അർജന്റീന പുറത്താകും. പോളണ്ട് പ്രീക്വാർട്ടറിൽ എത്തും.

വിജയിച്ചാൽ ആറു പോയിന്റുമായി മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ പ്രീ ക്വാർട്ടറിലെത്താം.

സമനില വന്നാൽ അർജന്റീനയ്ക്ക് അതേസമയം നടക്കുന്ന സൗദിയും മെക്‌സിക്കോയും തമ്മിലുള്ള മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും. സൗദി വിജയിക്കുകയാണെങ്കിൽ അർജന്റീനയും മെക്‌സിക്കോയും പുറത്താകും.മെക്‌സിക്കോ വിജയിച്ചാൽ മെക്‌സിക്കോയ്ക്കും അർജന്റീനയ്ക്കും നാല് പോയിന്റാകും. ഇതോടെ ഗോൾ വ്യത്യാസമാകും പ്രീ ക്വാർട്ടറുകാരെ നിർണയിക്കുക.

സൗദിയും മെക്‌സിക്കോയും സമനില ആവുകയാണെങ്കിൽ സൗദിക്കും അർജന്റീനയ്ക്കും നാല് പോയിന്റാകും. ഇവിടേയും ഗോൾവ്യത്യാസമായിരിക്കും നോക്കുക. രണ്ട് പോയിന്റോടെ മെക്‌സിക്കോ പുറത്താകും.

അതേസമയം അർജന്റീനയ്‌ക്കെതിരേ സമനില നേടിയാൽതന്നെ പോളണ്ടിന് അഞ്ച് പോയിന്റുമായി അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

ഒന്നാമതായി തുടരാൻ ഫ്രാൻസ്

ആദ്യം തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് ഇന്ന് ഡി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ടുണീഷ്യയെ നേരിടും. മറ്റൊരു മത്സരത്തിൽ ഒാസ്ട്രേലിയ ഡെന്മാർക്കിനെ നേരിടും. ഫ്രാൻസിന് ആറു പോയിന്റുണ്ട്. രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് മൂന്ന് പോയിന്റും മൂന്നാമതുള്ള ഡെന്മാർക്കിന് ഒരു പോയിന്റും. ഡെന്മാർക്കിനോട് തോൽക്കാതിരുന്നാൽ ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തും. ജയിക്കാനായാൽ ഡെന്മാർക്കിന് മുന്നിൽ വാതിൽ തുറക്കും.