
കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമന കേസിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സിസ തോമസിനെ തുടരാൻ അനുവദിച്ച വിധിക്കെതിരായാണ് ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകുക. ചാൻസിലർ കൂടിയായ ഗവർണർ സിസ തോമസിനെ വി സിയായി നിയമിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് താൽക്കാലിക വി സിയായി സിസയ്‌ക്ക് തുടരാം എന്ന് ഹൈക്കോടതി വിധിച്ചത്. പുതിയ വിസിയെ തിരഞ്ഞെടുക്കുന്നതിന് മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരണത്തിനും കോടതി നിർദ്ദേശിച്ചു.
വി സിയായി ചുമതലയേറ്റ സിസ തോമസിന് ഒപ്പിട്ട് ചാർജെടുക്കാൻ രജിസ്‌റ്റർ പോലും നൽകാതെ ഉദ്യോഗസ്ഥർ കടുത്ത നിസഹകരണമാണ് സർവകലാശാലയിൽ നടത്തിയത്. വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം പോലും ഇത്തരത്തിൽ മുടങ്ങുന്ന സ്ഥിതിയായി. വെളള പേപ്പറിൽ ഒപ്പിട്ടാണ് സിസ തോമസ് താൻ ചുമതലയേറ്റ വിവരം ഗവർണറെ അറിയിച്ചത്. സിസ തോമസിന് യോഗ്യതയില്ല, ഗവർണറുടെ നിയമനം ഭരണഘടനാ വിരുദ്ധമാണ് എന്നൊക്കെയായിരുന്നു സർക്കാരിന്റെ വാദം.