
ദോഹ: ലോകകപ്പിൽ ഗ്രൂപ്പ് എയിലെ നിർണായകമായ അവസാന മത്സരങ്ങളിൽ ഖത്തറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഹോളണ്ട് പ്രീക്വാർട്ടറിലെത്തിയപ്പോൾ ഇക്വഡോറിനെ 2-1ന് കീഴടക്കി സെനഗലും അവസാന പതിനാറിൽ എത്തുകയായിരുന്നു. ഹോളണ്ടിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റും സെനഗലിന് ആറ് പോയിന്റുമാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഖത്തറിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ ഹോളണ്ടിനെ സമനിലയിൽ പിടിക്കുകയും ചെയ്ത ഇക്വഡോർ സെനഗലിനോട് തോറ്റതോടെ 4 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഒതുങ്ങി. മൂന്ന് മത്സരവും തോറ്റ ഖത്തറിന് പോയിന്റ് അക്കൗണ്ട് തുറക്കാനായില്ല.
ഓറഞ്ചിന് ഇരട്ടി മധുരം
ദോഹ: തുടർച്ചയായ മൂന്നാം മത്സരത്തിലും സ്കോർ ചെയ്ത കോഡി ഗാക്പോയും ടൂർണമെന്റിലെ ആദ്യ ഗോൾ കണ്ടെത്തിയ ഫ്രാങ്ക് ഡി യോംഗുമാണ് ആതിഥേയരായ ഖത്തറിനെ വീഴ്ത്തി ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായി ഹോളണ്ടിനെ നോക്കൗട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്.
നേരത്തേ തന്നെ പുറത്തായിക്കഴിഞ്ഞ ഖത്തറിനെതിരെ ഹോളണ്ടിന് തന്നെയായിരുന്നു ആധിപത്യം. അൽബയാത് സ്റ്റേഡിയം വേദിയായ മത്സരത്തിന്റെ തുടക്കം മുതൽ അവർ ഖത്തർ ഗോൾ മുഖത്തേയ്ക്ക് ഇരച്ചത്തി. 26-ാം മിനിട്ടിലാണ് ഡേവി ക്ലാസ്സന്റെ പാസിൽ നിന്ന് ഗാക്പോ ഹോളണ്ടിനായി ലക്ഷ്യം കണ്ടത്. മറുവശത്ത് ഖത്തർ ചില നല്ല നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു. ഹോളണ്ട് ഗോളി നോപ്പെർട്ടിന് വെല്ലുവിളി ഉയർത്തിയ ഒരു ഷോട്ടുപോലും ഒന്നാം പകുതിയിൽ ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 49-ാം മിനിട്ടിൽ ഡിയോംഗിലൂടെ ഹോളണ്ട് ലീഡുയർത്തി. ക്ലാസ്സന്റെ ക്രോസിൽ നിന്ന് ഡിപെയുടെ തകർപ്പൻ ഷോട്ട് ഖത്തർ ഗോളി ബർഷിം മനോഹരമായി തട്ടിക്കളഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് ഡിയോംഗ് വലകുലുക്കുകയായിരുന്നു. 68-ാം മിനിട്ടിൽ ഹോളണ്ട് വീണ്ടും ഖത്തറിന്റെ വലകുലുക്കിയെങ്കിലും വാറിന്റെ പരിശോധനയിൽ ഗോളിനായുള്ള ബിൽഡപ്പിനിടെ ഗാക്പോയുടെ കൈയിൽ പന്ത് കൊണ്ടെന്ന് കണ്ടെത്തിയതിനാൽ ഹാൻഡ് ബാൾ വിധിക്കുകയും ഗോൾ നിഷേധിക്കുകയും ചെയ്തു.
സൂപ്പർ സെനഗൽ
നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഇക്വഡോറിനെ തോൽപ്പിച്ച് സെനഗൽ അവസാന പതിനാറിലേക്ക് കടന്നു. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ഇസ്മയില സാർ നൽകിയ ലീഡ് കായ്സെഡോയുടെ ഗോളിലൂടെ ഇക്വഡോർ നിർവീര്യമാക്കിയതിന് തൊട്ടുപിന്നാലെ കൗലിബാലിയിലൂടെ സെനഗൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
വിജയം മാത്രമേ പ്രീ ക്വാർട്ടറിലേക്കുള്ള വാതിൽ തുറക്കൂ എന്നതിനാൽ ശക്തമായ ആക്രമണമാണ് സെനഗൽ തുടക്കം മുതൽ കാഴ്ചവച്ചത്. ആദ്യ പകുതിയിൽ ഇക്വഡോറിന്റെ നായകൻ എന്നർ വലൻസിയ മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും സെനഗളീസ് പ്രതിരോധത്തിൽ അവരുടെ നായകൻ കൗലിബാലി വിലങ്ങുതടിയായി നിന്നു.
42-ാം മിനിട്ടിലാണ് അപ്രതീക്ഷിതമായി സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടത്. മദ്ധ്യലൈനിന് അരികിൽ നിന്നെടുത്ത ഒരു ഫ്രീകിക്കിൽ നിന്നുള്ള പന്തുമായി ഇടതുവശത്തുകൂടി ബോക്സിലേക്ക് ഓടിക്കയറിയ ഇസ്മയില സാറിനെ ഹിൻകാപ്പി മറിച്ചിട്ടതിനാണ് റഫറി സ്പോട്ട്കിക്ക് വിധിച്ചത്.
കിക്കെടുത്ത ഇസ്മയില പോസ്റ്റിന്റെ വലതുകോർണറിലേക്ക് പന്തുപായിച്ച് സെനഗൽ കൊതിച്ച ഗോൾ സ്വന്തമാക്കി. 67-ാം മിനിട്ടിൽ കായ്സെഡോയിലൂടെ ഇക്വഡോർ സമനില പിടിച്ചു. എന്നാൽ ആ ഗോൾ ആഘോഷിക്കാൻ സമയം കിട്ടുംമുന്നേ 70-ാം മിനിട്ടിൽ കൗലി ബാലിയിലൂടെ സെനഗൽ തിരിച്ചടിക്കുകയായിരുന്നു.