viji-vijayan

തിരുവനന്തപുരം: അൽഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രക്രിയ വികസിപ്പിച്ചതിൽ മലയാളി വനിതയ്ക്ക് മുഖ്യപങ്ക്.

ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്മ്യൂണോളജിയ്ക്ക് പേറ്റന്റ് നേടിക്കൊടുത്ത കണ്ടുപിടിത്തം നടത്തിയ സംഘത്തിലെ അംഗമായിരുന്ന കേരള സർവകലാശാല ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.വിജി വിജയനാണ് നേട്ടം കൈവരിച്ചത്. മുൻ എം.പി. പി.കെ.ബിജുവിന്റെ ഭാര്യയാണ് ഡോ. വിജി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്മ്യൂണോളജിയിലെ ഫാക്കൽറ്റി ഡോ.സരിക ഗുപ്തയും പേറ്റന്റിന്റെ ഭാഗമാണ്.

ഡോ. വിജി വിജയൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിരുന്നു. മസ്തിഷ്കത്തിലെ രക്ത തടസ്സത്തെ മറികടക്കാൻ കഴിയുന്ന ഓസ്റ്റിയോകാൽസിൻ എന്ന ബോൺ പെപ്റ്റൈഡ് അമിലോയിഡ് ബീറ്റാ പെപ്റ്റൈഡുമായി ചേർന്ന് പ്രീഫിബ്രില്ലർ ഘടന ഉണ്ടാക്കുന്നത് എങ്ങനെയെന്നാണ് ഡോ.വിജി വിശദമായി അവതരിപ്പിച്ചത്. 'ഇമ്യൂണോ മോഡുലേറ്ററി ആന്റ് ആന്റിഇൻഫ്ലമേറ്ററി ഫംഗ്ഷനുള്ള പെപ്റ്റൈഡ് കോംപ്ലക്‌സ്' എന്ന പ്രക്രിയയ്ക്കാണ് പേറ്റന്റ് ലഭിച്ചത്.