zombie-virus

മോസ്കോ: ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഭൂമിക്കടിയിൽ കാലങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ് അതിവേഗം ഉരുക്കുന്നു. ഇത് ലോകത്തിലെ ജീവി വർഗത്തിന് തന്നെ ഭീഷണിയാകുന്ന വെെറസുകളുടെ വരവിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടുപിടിത്തം. ഇങ്ങനെ മഞ്ഞിൽ പുതഞ്ഞ 2000 ഓളം വെെറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചു. 48,500 വർഷങ്ങൾക്ക് മുമ്പ് തടാകത്തിനടിയിൽ തണുത്തുറഞ്ഞ ഒരു വെെറസും അതിൽ ഉൾപ്പെടുന്നു.

യൂറോപ്യൻ ഗവേഷകരാണ് റഷ്യയിലെ സെെബീരിയ മേഖലയിൽ നിന്ന് മഞ്ഞിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പുതഞ്ഞ വെെറസുകളെ പരിശോധിച്ച് പരീക്ഷണങ്ങൾ നടത്തി വരുന്നത്. വിദേശമാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഗവേഷകർ 13 പുതിയ രോഗകാരികളായ വെെറസുകളെയാണ് കണ്ടുപിടിച്ചത്. ഇവയെ 'സോംബി വെെറസ്' എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.

അന്തരീക്ഷ താപം മൂലം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മഞ്ഞ് ഉരുകുന്നത് ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് നേരത്തെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കാലങ്ങളായി മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന വെെറസുകളുടെ പ്രവർത്തനം എങ്ങനെയാണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. റഷ്യ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് വെെറസുകളെ പുനരുജ്ജീവിപ്പിച്ച് പഠനം നടത്തുന്നത്. ഈ വെെറസുകളുടെ അപകട സാദ്ധ്യതയെക്കുറിച്ചു അവർ പഠനം നടത്തുന്നുണ്ട്.