students

കോട്ടയം: നഗരമദ്ധ്യത്തിൽ പെൺകുട്ടിയ്‌ക്കും സുഹൃത്തിനും നേരെ ആക്രമണമുണ്ടായ സംഭവത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാർത്ഥികൾ മുടിമുറിച്ച് പ്രതിഷേധിച്ചു. ഇന്ന് സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധ ചങ്ങലയും തീർത്തു. തിങ്കളാഴ്‌ച രാത്രി 10.30ഓടെയാണ് കോട്ടയം നഗരമദ്ധ്യത്തിൽ തിരുനക്കരയിൽ അശ്ളീല കമന്റടിച്ചത് ചോദ്യം ചെയ്‌തതിന് പെൺകുട്ടിയെയും ഒപ്പമുള‌ള സുഹൃത്തിനെയും മൂന്ന് യുവാക്കൾ മർദ്ദിച്ചത്. നഗരമദ്ധ്യത്തിൽ തന്നെ സദാചാര ഗുണ്ടായിസം നടക്കുമ്പോൾ ആദ്യം നാട്ടുകാരൊന്നും ഇടപെട്ടില്ല. പിന്നീട് പൊലീസെത്തിയാണ് ആക്രമികളെ പിടികൂടിയത്.

പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിനേറ്റ പരിക്കിനെക്കാൾ മാനസിക നൊമ്പരം സംഭവം കാരണം തനിക്കുണ്ടായതായി ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഷബീർ, മുഹമ്മദ് അസ്ളം, അനസ് അഷ്‌കർ എന്നിവരാണ് ഇവരെ ആക്രമിച്ചത്. മൂവരെയും അറസ്‌റ്റ് ചെയ്‌ത പൊലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തു. ഇവരെ കോടതി റിമാൻഡ് ചെയ്‌തു.

സഹപാഠി ആശുപത്രിയിലായതിനാൽ ആവശ്യമായ വസ്‌ത്രമെടുക്കാൻ ഹോസ്‌റ്റലിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയും സുഹൃത്തായ ആൺകുട്ടിയും. ഇതിനിടെ തിരുനക്കരയിൽ തട്ടുകടയിൽ കഴിക്കാനിരിക്കെ മൂവർ സംഘം പെൺകുട്ടിയെ രൂക്ഷമായി നോക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തു. തുടർന്ന് ഇരുവരും ഇവിടെ നിന്നും ഇറങ്ങി ഹോസ്‌റ്റലിൽ പോയി വസ്‌ത്രവുമായി ബൈക്കിൽ മടങ്ങിവരവെ അക്രമിസംഘം കാർ കുറുകെയിട്ട് ആക്രമിക്കുകയായിരുന്നു. മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്‌തു. ഇതിനിടെ ഫോണിൽ നിലവിളി കേട്ട് സുഹൃത്തുക്കളും പൊലീസും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.