jack-ma

ബീജിംഗ്: സാങ്കേതിക മേഖലയ്‌ക്കെതിരായ ചൈനയുടെ അടിച്ചമർത്തലിന് ശേഷം മുഖ്യധാരയിൽ നിന്ന് ആദൃശ്യനായ ചൈനീസ് സംരംഭകനും അലിബാബയുടെ സഹസ്ഥാപകനുമായ ജാക്ക് മാ ആറ് മാസമായി ടോക്കിയോയിൽ താമസിക്കുന്നുണ്ടെന്ന് വിദേശ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.
നാട്ടിൻപുറങ്ങളിലേയ്ക്കും യു.എസിലേക്കും ഇസ്രായേലിലേക്കും ജാക് മാ പതിവ് സന്ദർശനങ്ങൾ നടത്താറുണ്ട്. നിലവിൽ ഈ യാത്ര ജപ്പാനിൽ അവസാനിപ്പിച്ചതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടോക്കിയോ ആസ്ഥാനമായുള്ള സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന്റെ സ്ഥാപകനും ആലിബാബയിലെ ആദ്യകാല നിക്ഷേപകനുമായ മസയോഷി സോണിന്റെ അടുത്ത സുഹൃത്താണ് മാ.
ഒരു കാലത്ത് ചൈനയിലെ ഏറ്റവും സമ്പന്നനും പ്രമുഖനുമായ ടെക് ലീഡറായിരുന്ന മാ സർക്കാർ നിയന്ത്രണങ്ങളെ വിമർശിച്ചതിലൂടെ സർക്കാരുമായി പ്രശ്നത്തിലേർപ്പെട്ടതിനെത്തുടർന്ന് കുറച്ച് നാളായി മുഖ്യധാരയിൽ നിന്ന് പിൻവലിഞ്ഞ് നിൽക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ മേഖലയുടെ പ്രത്യേകിച്ച് ഇന്റർനെറ്റ് സ്ഥാപനങ്ങളുടെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ചൈന വ്യാപക അടിച്ചമർത്തൽ നടത്തി. മാ യുടെ ആന്റ് ഗ്രൂപ്പ് കോ., ആലിബാബ എന്നീ കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങളും തടസങ്ങളും നേരിടേണ്ടി വന്നിരുന്നു. അതിനുശേഷം അദ്ദേഹം അപൂർവമായി പങ്കെടുത്ത പൊതുപരിപാടികൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടു.
ടോക്കിയോയിൽ, സെൻട്രൽ ഡിസ്ട്രിക്ടായ ഗിൻസ, മരുനൂച്ചി എന്നിവിടങ്ങളിലെ ചില സ്വകാര്യ അംഗങ്ങളുടെ ക്ലബ്ബുകളിൽ മാ അംഗമാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ സ്വകാര്യ ഷെഫിനെയും സെക്യൂരിറ്റി സ്റ്റാഫിനെയും ഒപ്പം കൂട്ടിക്കൊണ്ട് അദ്ദേഹം ആവേശഭരിതനായ ആധുനിക ആർട്ട് കളക്ടറായി മാറിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കൊവിഡ് മഹാമാരിയുടെ ആദ്യ നാളുകളിൽ ലോകത്തിന് ആവശ്യമായ സംരക്ഷണ ഉപകരണങ്ങളുടെയും മറ്റും വലിയ തോതിലുള്ള അന്താരാഷ്ട്ര സംഭാവനകൾക്ക് മാ നേതൃത്വം നൽകിയിരുന്നു.