
25-30 വയസിനുശേഷം ഇടക്കിടെ ബി.പി പരിശോധിക്കുന്നത് നല്ലതാണ്. ഒരു പ്രാവശ്യം ബി.പി കൂടുതലായി കണ്ടാൽ രക്താതിസമ്മർദ്ദം ഉണ്ടെന്ന് അർത്ഥമില്ല. ഉറക്കക്കുറവ്, ഭയം, ഉദ്വേഗം, അദ്ധ്വാനം, മദ്യപാനം, പുകവലി, ഉൽകണ്ഠ, കാപ്പിയുടെ അമിതമായ ഉപയോഗം എന്നിവകൊണ്ടെല്ലാം താത്ക്കാലികമായി ബി.പിയുടെ അളവ് കൂടാം.
ഒരുദിവസം തന്നെ അല്പസമയം ഇടവിട്ട് 1-2 പ്രാവശ്യവും ഒരാഴ്ചയിൽ 2-3 പ്രാവശ്യവും ബി.പി അളന്നു നോക്കിയശേഷമാണ് ചികിത്സ നിശ്ചയിക്കുന്നത്. ഡോക്ടറെ സമീപിക്കുന്ന രോഗിയുടെ ഭയവും ആകാംക്ഷയുമെല്ലാം ബി.പിയെ ബാധിക്കാം. ഇതിനെ വൈറ്റ് കോട്ട് ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നു. അതിനു പുറമേ വ്യായാമം, കാലാവസ്ഥയിലെ വ്യതിയാനം, അതിയായ ദുഃഖം,ദേഷ്യം, വൈകാരികസമ്മർദ്ദം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ബി.പിയെ ബാധിക്കാറുണ്ട്. രക്താതിസമ്മർദ്ദമുള്ള രോഗികൾ മരുന്ന് കൃത്യസമയത്ത് തന്നെ കഴിച്ചതിനുശേഷമാണ് ബി.പി പരിശോധിക്കേണ്ടത്.