memory

ലോകമാകെ മനുഷ്യരിൽ വാർദ്ധക്യ കാലത്ത് സർവസാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ് അൽഷിമേഴ്‌സ് അഥവാ ഓർമ്മനാശവും ഡിമെൻഷ്യയും. ഈ രോഗങ്ങൾ കാരണം ഓർമ്മയും സംസാരശേഷിയും നഷ്‌ടപ്പെട്ട് രോഗികൾ മറ്റൊരു ലോകത്തിൽ എത്തിയപോലെ ഏകാന്തതയിൽ അവസാന കാലം കഴിക്കേണ്ടി വരുന്നു. സ്വന്തം വേണ്ടപ്പെട്ടവരെ മനസിലാകാതെ അവർ കഴിയുമ്പോൾ അത് രക്തബന്ധത്തിലുള‌ളവർക്ക് പ്രയാസവും സൃഷ്‌ടിക്കുന്നു. എന്നാലിപ്പോൾ ഈ രോഗബാധയുടെ വേഗത കുറച്ച് രോഗികൾക്ക് ആശ്വാസം പകരാൻ ഒരു മരുന്ന് കണ്ടെത്തിയതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ലെകാനെമാബ് എന്ന പുതിയ മരുന്നാണ് സ്‌മൃതിനാശത്തിന് വളരെയധികം ഫലപ്രദമാണെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ നടന്ന 15ാമത് അൽഷിമേഴ്‌സ് ഡിസീസ് ക്ളിനിക്കൽ ട്രയൽ കോൺഫറൻസിലാണ് പുതിയ പഠനഫലം പ്രസിദ്ധീകരിച്ചത്. ന്യൂ ഇംഗ്ളണ്ട് ജേണൽ ഓഫ് മെഡിസിനിലും ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്തവർഷം ആദ്യം എഫ്‌ഡിഎയുടെ അംഗീകാരത്തിനായി ലെകാനെമാബ് സമർപ്പിക്കാനിരിക്കെയാണ് പുതിയ പ്രത്യാശ നൽകുന്ന പഠനഫലം പുറത്തുവരുന്നത്. ലോകമാകെയുള‌ള ലക്ഷണക്കിന് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വളരെ പ്രത്യാശ നൽകുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നതെന്ന് എഡിഡിഎഫ് ചീഫ് സയൻസ് ഓഫീസറും സഹ സ്ഥാപകനുമായ ഡോ. ഹോവാർഡ് ഫില്ലി‌റ്റ് പറഞ്ഞു. അൽഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള‌ള മരുന്നുകൾ കണ്ടെത്തുന്നതിന് പ്രവർത്തിക്കുന്ന സംഘടനയാണ് അൽഷിമേഴ്‌സ് ഡ്രഗ് ഡിസ്‌കവറി ഫൗണ്ടേഷൻ (എഡിഡിഎഫ്)​.

അൽഷിമേഴ്‌സ് ബാധയെ 27 ശതമാനം മന്ദഗതിയിൽ ആക്കുന്നതാണ് ലെകാനെമാബ് എന്നാണ് നിഗമനം. ഇത് 100 ശതമാനം പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. അമിലോയ്‌ഡ് ബീറ്റ എന്ന പ്രോട്ടീൻ രൂപപ്പെടുന്നത് വഴിയാണ് അൽഷിമേഴ്‌സ് ആരംഭിക്കുന്നത്. രോഗലക്ഷണം പ്രകടമാക്കുന്നതിന് രണ്ട് പതി‌റ്റാണ്ട് മുൻപ് തന്നെ ഇത് ഫലകങ്ങളായി രൂപംകൊണ്ട് തുടങ്ങും. വർഷങ്ങളോളം ഇങ്ങനെ രൂപപ്പെടുന്നത് മസ്‌തിഷ്‌കത്തിലെ കലകൾ ചുരുങ്ങാനോ നശിക്കാനോ കാരണമാകും അങ്ങനെ സ്‌മൃതിനാശം സംഭവിക്കും. ഇതിന് വേഗം കുറക്കാനാണ് പുതിയ ഔഷധം ഫലപ്രദമെന്ന് തെളിഞ്ഞിരിക്കുന്നത്.