s
11 ഗ്രാം എം.ഡി.എം.എയുമായി ഷോപ്പുടമ എക്‌സൈസിന്റെ പിടിയിലായ പ്രതി

പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാലയങ്ങളുടെ പരിസരത്തും അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും പെരിന്തൽമണ്ണ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 11 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10ന് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് യുവാവ് പിടിയിലായത്. പെരിന്തൽമണ്ണ ടൗണിൽ കീ ഗ്യാലറി ഷോപ്പ് നടത്തുന്ന ഏലംകുളം സ്വദേശി പട്ടുകുത്ത് വീട്ടിൽ മുഹമ്മദ് സുഹൈർ (36) ആണ് എക്‌സൈസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ ടൗണിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമായതായി പരാതി ലഭിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഷോപ്പ് ഉടമയെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് വൻമാഫിയ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രതിയുടെ മൊബൈൽ കോൾ ലിസ്റ്റ് പരിശോധിച്ചതിൽ യുവാക്കളും വിദ്യാർത്ഥികളും കായികതാരങ്ങളുമടക്കം മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചു. 60,000 രൂപ മാർക്കറ്റിൽ വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇയാളുടെ കൂട്ടാളി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.

ജില്ലയിൽ കൊറിയർ സർവീസ് കേന്ദ്രീകരിച്ച് വ്യാജ അഡ്രസും ഫോൺ നമ്പറും നൽകി മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ട്. രക്ഷപ്പെട്ട കൂട്ടാളി തുണിക്കച്ചവടത്തിന്റെ മറവിൽ കൊറിയർ സർവീസ് വഴി മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു. റെയ്ഡിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ.രാജേഷിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ യു.കുഞ്ഞാലൻകുട്ടി, കെ.മനോജ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.കെ.മുഹമ്മദ് റിയാസ്, കെ.നിബുൺ, ഡ്രൈവർ മുഹമ്മദ് നിസാർ പങ്കെടുത്തു.