fffff

മലപ്പുറം: എയ്ഡഡ് ഹൈസ്‌കൂൾ,​ ഹയർസെക്കൻഡറികളിൽ കൗൺസലർമാരെ ഉടൻ നിയമിക്കണമെന്ന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിൽ മൂന്ന് മാസമായിട്ടും നടപടിയെടുക്കാതെ സർക്കാർ. വനിത, ​ശിശു വികസന വകുപ്പിന്റെ സൈക്കോ സോഷ്യൽ കൗൺസലർ പദ്ധതിപ്രകാരം ജില്ലയിലെ 90ഓളം ഗവ. സ്കൂളുകളിൽ കൗൺസലർമാരെ നിയമിച്ചിട്ടുണ്ട്. ഇതിൽ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെട്ടിട്ടില്ലെന്നതിനാൽ പകുതിയിലധികം കുട്ടികളും പദ്ധതിക്ക് പുറത്താണ്. ജില്ലയിൽ 192 ഹൈസ്‌കൂളും 96 ഹയർസെക്കൻഡറികളുമുണ്ട്. കുട്ടികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ തുറന്നുപറയാനും പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് സ്കൂളുകളിൽ കൗൺസല‌ർമാരെ നിയമിക്കുന്നത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും പുറത്തുകൊണ്ടുവരാൻ കൗൺസലിംഗിലൂടെ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് 1,​012 സർക്കാർ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നു. നിലവിൽ സർക്കാർ സ്കൂളുകളിൽ താത്കാലിക അടിസ്ഥാനത്തിലാണ് കൗൺസലർമാരെ നിയമിച്ചിട്ടുള്ളത്. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ സ്ഥിരം കൗൺസലർമാരെ നിയമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുണ്ടായില്ല. കൗൺസലർമാർക്ക് ശമ്പളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വനിതാ​ ശിശു വികസന വകുപ്പാണ് നൽകുന്നത്. കൗൺസലിംഗ് മുറികൾ ഒരുക്കുക മാത്രമാണ് സ്‌കൂൾ ചെയ്യേണ്ടത്. കുട്ടികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ വിവിധ പരിപാടികളും കൗൺസല‌ർമാർ‌ നടത്തുന്നുണ്ട്. കുട്ടികളെ പരിചരിക്കേണ്ട രീതികളും മാനസികോല്ലാസവും സംബന്ധിച്ച് അങ്കണവാടി ജീവനക്കാർക്ക് പരിശീലനമേകും. കൗമാരപ്രായക്കാർക്ക് അങ്കണവാടികൾ മുഖേന കൗൺസലിംഗ് നൽകുന്നുണ്ട്. എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി, ശിശുസംരക്ഷണ മേഖലയിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മാസം 24,000 രൂപയാണ് കൗൺസലർമാർക്കുള്ള ഓണറേറിയം.

കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ,​ മാനസിക സംഘർഷം എന്നിവ കുറച്ച് സാമൂഹികവും മാനസികവുമായ വികാസത്തിന് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്നും മുഴുവൻ ഹൈസ്‌കൂൾ,​ ഹയർസെക്കൻഡറികളിലും നടപ്പാക്കുന്നതിലൂടെ കുട്ടികൾക്കിടയിലെ ആത്മഹത്യ,​ അമിത മൊബൈൽഫോൺ ഉപയോഗം,​ മയക്കുമരുന്ന് വ്യാപനം എന്നിവ തടയാൻ സാധിക്കുമെന്നും ബാലാവകാശ സംരക്ഷൻ കമ്മിഷൻ നിരീക്ഷിച്ചിരുന്നു. എയ്ഡഡ് സ്‌കൂളുകളിൽ കൗൺസലർമാരെ നിയമിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം പി.ടി.എകളും ഉന്നയിക്കുന്നുണ്ട്. പരീക്ഷാ പ്രശ്നങ്ങളിലും പഠനവൈകല്യങ്ങളിലും കൗൺസലർമാരുടെ സേവനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമാണ്. കൂടുതൽ സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കണമെന്ന വനിതാ ശിശുവികസന വകുപ്പിന്റെ ശുപാർശ ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരിഗണിക്കാത്തത്.