
മലപ്പുറം: നിയമങ്ങൾ പാലിക്കാതെ മകനെ വിവസ്ത്രനാക്കി കസ്റ്റംസ് നടത്തിയ പരിശോധനയ്ക്കെതിരെ കേന്ദ്ര ധനമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും പി.വി. അബ്ദുൾ വഹാബ് എം.പിയുടെ പരാതി. നവംബർ ഒന്നിന് എയർ അറേബ്യ വിമാനത്തിൽ എം.പിയുടെ മകൻ ഷാർയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു പരിശോധന. ആദ്യം ദേഹപരിശോധന നടത്തിയ കസ്റ്റംസ് മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധനയ്‌ക്കും വിധേയനാക്കി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എം.പിയുടെ മകനാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പരിശോധന തുടർന്നത്രേ.
വിവസ്ത്രനാക്കി പരിശോധിക്കും മുമ്പ് യാത്രക്കാരന്റെയോ മജിസ്‌ട്രേട്ടിന്റെയോ അനുമതി തേടണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് പരാതിയിൽ പറയുന്നു. എം.പിയുടെ മകനായതിനാൽ പരിശോധിക്കാതിരിക്കേണ്ടെന്നും പക്ഷേ, നിയമങ്ങൾ പാലിക്കണമായിരുന്നെന്നും പി.വി. അബ്ദുൾ വഹാബ് എം.പി പറഞ്ഞു. സംഭവത്തിൽ മകന് പരാതിയില്ല. ഇനി മറ്റൊരു യാത്രക്കാരന് ഈ ദുരനുഭവം ഉണ്ടാകാതിരിക്കാനാണ് പരാതി നൽകിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.