
പരപ്പനങ്ങാടി :കൊവിഡിന്റെ പിടിയിലമർന്ന് വറുതിയുടെ അങ്ങേയറ്റം കണ്ട മത്സ്യത്തൊഴിലാളികൾ ഇപ്പോൾ ചാകരക്കോളിന്റെ ആഹ്ളാദത്തിമിർപ്പിലാണ്. കൊവിഡ് നിയന്ത്രണങ്ങളും പിന്നാലെ വന്ന ട്രോളിംഗ് നിരോധനവുമെല്ലാം ഏൽപ്പിച്ച ആഘാതം പഴങ്കഥയായി. മീൻ സമൃദ്ധിയും തുടർച്ചയായ മത്തിച്ചാകരയുമെല്ലാമായി കടലമ്മ മത്സ്യത്തൊഴിലാളികളെ കനിഞ്ഞനുഗ്രഹിക്കുകയാണ്.
കടലിൽ പോയവർക്ക് വലിയതോതിൽ അയലയും മത്തിയും ലഭിക്കുന്നുണ്ട് . ഇത്തവണത്തെ ട്രോളിംഗ് നിരോധനം തീർന്ന ശേഷംമത്തിച്ചാകര വലിയ തോതിൽ ലഭിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമായി. ചിങ്ങം, കന്നി , തുലാം മാസങ്ങളിൽ സാധാരണ ഗതിയിൽ മീൻ ലഭിക്കാറുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം കാരണം പലപ്പോഴും തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാറില്ല. ഇത്തവണ ആ സ്ഥിതി കുറവായിരുന്നു. മത്സ്യവും കൂടുതലായി ലഭിക്കുന്നുണ്ട്. സാധാരണ വൈകിട്ടും രാത്രിയുമായാണ് മീൻ ലഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ രാവിലെയും നല്ലപോലെ മീൻ ലഭിച്ചു.
ദിവസവും നൂറുകണക്കിന് ലോഡുകളാണ് പരപ്പനങ്ങാടിയിൽ നിന്നും കയറ്റിപോകുന്നത് . ചാപ്പപ്പടി ആലുങ്ങൽ കടപ്പുറത്തും ഉത്സവാന്തരീക്ഷമാണ് . ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിലക്കുറവും ആശ്വാസമാണ്.
പരപ്പനങ്ങാടിയിൽ ഹാർബറിന്റെ നിർമ്മാണം പുരോഗമിക്കുകയാണ് . അത് പൂർത്തിയാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഏറെ കാലമായുള്ള ചിരകാല സ്വപ്നംയാഥാർഥ്യമാകും .