
തിരൂർ: തിരൂർ തൃക്കണ്ടിയൂർ റോഡ് ചളിക്കുളമായി.വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ വേണ്ടിയാണ് തിരൂർ നഗരത്തിലെ ഹൃദയഭാഗമായ തൃക്കണ്ടിയൂർ ഹോസ്പിറ്റൽ റോഡ് ശനി, ഞായർ ദിവസങ്ങളിലായി കുഴിച്ചത്. രാത്രിയിൽ മൂന്നടി വലിപ്പത്തിൽ റോഡിന്റെ നടുവിൽ കൂടിയാണ് മീറ്ററുകളോളം ജെ.സി.ബി ഉപയോഗിച്ച് കീറിയത്. തുടർന്ന് കീറിയ മണ്ണ് കൊണ്ട് തന്നെ കുഴി മൂടി. രണ്ടു ദിവസമായി പെയ്യുന്ന മഴയിലാണ് മണ്ണ് ചളിക്കുളമായത്. നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട് റോഡ്.
ചമ്രവട്ടം, പുറത്തൂർ, കാവിലക്കാട്, കുറ്റിപ്പുറം, വെട്ടം, കൂട്ടായി മേഖലകളിൽ നിന്നും തിരൂർ ജില്ലാ ആശുപത്രിയിൽ എത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്.
വാഹനങ്ങൾ ചളിയിൽ താഴുന്നതും വിനയാകുന്നു. തിരൂരിലെ മിക്ക ഓഫീസുകളും പ്രവർത്തിക്കുന്നത് തൃക്കണ്ടിയൂർ മേഖലയിലാണ്. വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പില്ലാത്ത ഈ പ്രവൃത്തി നാട്ടുകാരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.