മലപ്പുറം: ഫുട്ബാൾ ലഹരിയിലായ ഒട്ടേറെ ലയാളികൾ ഖത്തറിൽ ലോക കപ്പ് മത്സരം കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും എത്തുമെന്ന് അറിയാവുന്ന വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ചു. ലോക കപ്പ് ഗൾഫിലായതിനാൽ നേരിട്ടെത്താൻ പണം സ്വരൂക്കൂട്ടി കാത്തിരിക്കുന്ന മലയാളികൾക്ക് കനത്ത പ്രഹരമായി വിമാനക്കമ്പനികളുടെ കൊള്ള.

കായിക മാമാങ്കത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ടിക്കറ്റ്നിരക്ക് കൂടുന്നത് ആദ്യസംഭവമാണ്. ഓണക്കാലത്തും ഗൾഫിൽ അവധി തുടങ്ങുമ്പോഴുമാണ് സാധാരണ ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടാറുള്ളത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം ആരാധകർ ഖത്തറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. 20നാണ് ലോക കപ്പിന് തുടക്കം. ഡിസംബർ 18നാണ് ഫൈനൽ. ടിക്കറ്റ് കൈവശമില്ലാത്തവർക്കും ഹയാ കാർഡുണ്ടെങ്കിൽ (ഫാൻ കാർഡ്) ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്ന ഡിസംബർ 2 മുതൽ ഖത്തറിൽ പ്രവേശിക്കാം. ഹയാ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം. 500 ഖത്തർ റിയാലാണ് (11,247 രൂപ) നിരക്ക്. ഖത്തറിൽ ബന്ധുക്കളുള്ള പലരും ഫാൻ കാർഡെടുത്ത് പോകുമെന്നുറപ്പ്. താമസവും ഭക്ഷണവും അവർക്കൊപ്പമാകാമല്ലോ. ഇതിനിടെയാണ് പോക്കറ്റ് കീറുന്ന വിമാനക്കൂലി. ഡിസംബർ അവസാനത്തോടെ മാത്രമേ ടിക്കറ്റ് നിരക്ക് കുറയൂ.

ദുബായ് വഴിയും രക്ഷയില്ല

ദുബായ് വഴിയാണ് മിക്ക രാജ്യങ്ങളിൽ നിന്നും ഫുട്ബാൾ പ്രേമികൾ ഖത്തറിൽ എത്തുന്നത്. ദുബായിൽ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ കൂടി. 9,000 രൂപ വരെയായിരുന്നത് 36,000 രൂപ വരെയെത്തി. ഈ മാസം കേരളത്തിൽ നിന്ന് ദുബായിലേക്ക് 11,500 രൂപയ്‌ക്കും ടിക്കറ്റുണ്ട്. എന്നാൽ ദുബായിൽ നിന്നുള്ള നിരക്ക് വർദ്ധന മൂലം ഇതു ഫുട്ബാൾ പ്രേമികൾക്ക് പ്രയോജനപ്പെടില്ല.

# Rs.33,000

* നിലവിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് 17,000 രൂപയ്‌ക്ക് ടിക്കറ്റ് ലഭിക്കുമ്പോൾ ലോകകപ്പിന് കിക്കോഫ് ഉയരുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ ബഡ്‌ജറ്റ് എയർലൈനായ എയർഇന്ത്യ എക്‌സ്‌പ്രസ്സിൽപോലും 33,000 രൂപയാണ് നിരക്ക്. ഇക്കണോമി സീറ്റിൽ മിക്ക ദിവസങ്ങളിലും 27,000 - 33,000 രൂപ നൽകണം. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലും സമാനസ്ഥിതിയാണ്.

* വിദേശ വിമാനക്കമ്പനികളുടെ നിരക്കിലും കാര്യമായ വർദ്ധനയുണ്ട്. ഖത്തർ എയർവേസിൽ ഈ മാസം 17ന് 23,934 രൂപയെങ്കിൽ, തൊട്ടടുത്ത ദിവസം 31,500 രൂപ നൽകണം 19ന് 46,189 രൂപയാണ്. ഇത്തിഹാദ് എയർവേസിൽ അരലക്ഷം രൂപ കടക്കും. നോൺസ്റ്റോപ്പ് വിമാനങ്ങളിൽ നിരക്ക് ഇതിനേക്കാൾ കൂടും.