നിലമ്പൂർ: കേരളത്തിൽ ലഹരിപാർട്ടികൾ ഹോട്ടലുകളിൽ നിന്ന് വീടുകളിലേക്ക് മാറുന്നതായി മുൻ എക്‌സൈസ് കമ്മിഷണറും ജയിൽ ഡി.ജി.പിയുമായിരുന്ന ഋഷിരാജ് സിംഗ്. ലഹരിക്കടത്തിന് കുട്ടികൾക്കായുള്ള ജയിലിൽ കഴിയുന്നത് 400 പേരാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസും എക്‌സൈസും ഹോട്ടലുകളിലും റിസോർട്ടുകളിലും നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതോടെയാണ് ലഹരിപാർട്ടികൾ വീടുകളിലേക്ക് മാറിയത്. പെൺകുട്ടികളെപ്പോലും ലഹരിക്കടത്തിന് കാരിയർമാരാക്കുകയാണ്. ഒരു പൊതി സ്‌കൂൾ ബാഗിലാക്കി ലക്ഷ്യസ്ഥലത്തെത്തിച്ചാൽ അഞ്ഞൂറും ആയിരവും രൂപ പ്രതിഫലം കിട്ടും. ലഹരികടത്തിയ നാനൂറോളം കുട്ടികളാണ് ജയിലിൽ കഴിയുന്നത്. തമാശക്കായാണ് പലരും ലഹരി ആദ്യമായി ഉപയോഗിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽപോലും അടിമകളാക്കുന്ന ലഹരികളുണ്ട്. സ്ത്രീകൾക്കായി ലിപ്‌സ്റ്റിക്കിലും സിഗരറ്റിലും വരെ ലഹരിയെത്തുന്നുണ്ട്.
ലഹരിക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽ നിന്നാണ് തുടങ്ങേണ്ടത്. ആയിരത്തോളം സ്‌കൂളുകളിൽ ലഹരിക്കെതിരെ പ്രസംഗിച്ചിട്ടുണ്ട്. മന്ത്രിമാരും നേതാക്കൻമാരും കളക്ടറും എസ്.പിയും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം മാസത്തിൽ ഒരു സ്‌കൂളിലെങ്കിലും പോയി ലഹരിവിപത്തിനെതിരെ കുട്ടികളോട് സംസാരിക്കണം. അത് സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കും.
കേരളത്തിൽ സർക്കാർ ജോലികളിൽ കൂടുതൽ വനിതകൾ എത്തണം. ഒന്നരക്കോടി സ്ത്രീകളിൽ കേവലം 22 ശതമാനം മാത്രമാണ് സർക്കാർ സർവീസിലുള്ളത്.ഋഷിരാജ് സിംഗ്