കുറ്റിപ്പുറം: കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയ പ്രതിയെ ആതവനാട് നിന്ന് പൊലീസ് പിടികൂടി. നിരവധി കഞ്ചാവ് കേസുകളിലും പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസുകളിലും പ്രതിയാണ്. ഈമാസം രണ്ടിന് ഇയാളെ ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആതവനാടുള്ള ഇയാളുടെ സഹോദരിയുടെ വീട്ടിൽ എത്തിയതായുള്ള രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വെട്ടിച്ച് കടന്നുകളഞ്ഞു. തുടർന്ന് തിരൂർ ഡിവൈ.എസ്.പി, കുറ്റിപ്പുറം എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീമാണ് പിടികൂടിയത്. കോടതി ഉത്തരവ് ലംഘിച്ച് പ്രവേശിച്ചതിന് ഇയാൾക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരുന്നു.
പ്രതിക്കെതിരെ കുറ്റിപ്പുറം, കൽപ്പകഞ്ചേരി, വളാഞ്ചേരി, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും കൊണ്ടോട്ടി, കുറ്റിപ്പുറം എക്സൈസ് ഓഫീസുകളിലും കേസുകളുണ്ട്. കഞ്ചാവ് കടത്തിയതിനും പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്. കഴിഞ്ഞ മാസം മദ്യപിച്ചു വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വച്ചിരുന്നു. തുടർന്ന് നാട്ടുകാരെയും സ്ഥലത്തെത്തിയ പൊലീസിനെയും ആക്രമിച്ചു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.