മലപ്പുറം: കൊവിഡ് തളച്ചിട്ട രണ്ടുവർഷത്തിന് ശേഷം ഐ ലീഗിന് മഞ്ചേരിയിൽ തുടക്കം. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ചാമ്പ്യന്മാരായ ഗോകുലം മുഹമ്മദൻ സ്‌പോർട്ടിങ്ങിനെയാണ് ഐ ലീഗ് ഉദ്ഘാടന മത്സരത്തിൽ നാളെ പയ്യനാട് സ്റ്റേഡിയത്തിൽ നേരിടുക. രണ്ടുവർഷം കൊവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരങ്ങൾ ഇപ്രാവശ്യം ഹോം എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. 11 ഹോം മത്സരങ്ങളിൽ ഗോകുലത്തിന്റെ ആറു മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ് കളിക്കുന്നത്. കാമറൂൺ കോച്ച് റിച്ചാർഡ് ടോവയുടെ നേതൃത്വത്തിൽ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം. ആറു വിദേശ താരങ്ങൾ ഉള്ള ടീമിൽ മലയാളി താരങ്ങൾക്കാണ് പ്രാമുഖ്യം. ഐ ലീഗിനായി രജിസ്റ്റർ ചെയ്ത 24 അംഗ സ്‌ക്വാഡിവെ 12 മലയാളികളിൽ നാലുപേർ മലപ്പുറത്തുകാരാണ്. അർജുൻ ജയരാജ് (മഞ്ചേരി), മുഹമ്മദ് ജാസിം (വളാഞ്ചേരി), ഷഹജാസ് (അങ്ങാടിപ്പുറം), റിഷാദ് പി (തിരൂർ) എന്നിവരാണ്. നൗഫൽ (മുക്കം),താഹിർ സമാൻ (കൊടുവള്ളി), ശ്രീക്കുട്ടൻ (തൃശൂർ), ടി.ഷിജിൻ (തിരുവനന്തപുരം), സൗരവ് (കണ്ണൂർ), ഷിബിൻ രാജ് കുനിയിൽ (കോഴിക്കോട്), പി.അഖിൽ (ആലുവ), രാഹുൽ രാജു (തിരുവനന്തപുരം) എന്നീ മലയാളികളും ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടും.
മലപ്പുറത്ത് രജിസ്റ്റർ ചെയ്ത ക്ലബായ ഗോകുലം ആദ്യമായിട്ടാണ് ഇവിടെ ഐ ലീഗ് മത്സരങ്ങൾ നടത്തുന്നത്. മലബാറിയൻസ് എന്ന വിളി പേരുള്ള ഗോകുലം കഴിഞ്ഞ രണ്ടുവർഷമായി ഐ ലീഗ് ചാമ്പ്യന്മാരയായി. കഴിഞ്ഞ വർഷം മുഹമ്മദൻസ് സ്‌പോർട്ടിങ്ങിനെയാണ് ഗോകുലം അവസാനം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനു തോൽപ്പിച്ച് കിരീടം നേടുന്നത്. അതുകൊണ്ട് തന്നെ ആദ്യ മത്സരം തന്നെ തീപാറുമെന്നാണ് കരുതുന്നത്. ഇപ്രാവശ്യം കിരീടം നിലനിർത്തി ഹാട്രിക്ക് നേടുകയും ഐ.എസ്.എലിലേക്കു പ്രവേശനം നേടുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. ആദ്യ മത്സരം വൈകുനേരം 4.30നു തുടങ്ങും.
ടിക്കറ്റ് നിരക്കിൽ വിദ്യാർത്ഥികൾക്ക് ഇളവ്
പയ്യനാട് നടക്കുന്ന മത്സരങ്ങൾക്ക് ഗാലറി വിഭാഗത്തിൽ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. ഐ.ഡി കാർഡ് കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് ഇളവോടെ ടിക്കറ്റ് നിരക്ക് 50 രൂപയാണ്. വി.ഐ.പി ടിക്കറ്റുകൾക്ക് 150 രൂപയും, വി.വി.ഐ.പി ടിക്കറ്റുകൾക്ക് 200 രൂപയുമാണ് നിരക്ക്.
ഗാലറി സീസൺ ടിക്കറ്റിനു 550 രൂപയും, വി.വി.ഐ.പി ടിക്കറ്റുകൾക്ക് 1,100 രൂപയുമാണ് നിരക്ക്. ടിക്കറ്റുകൾ മലപ്പുറം ഗോകുലം ചിട്ടി ഓഫീസുകളിൽ ലഭ്യമാണ്.ലഭّമാണ്. https://shop.gokulamkeralafc.com/events/gkfcvsmdsp/ ഓൺലൈൻ ടിക്കറ്റ് വില്പനയുമുണ്ട്.