malappuram
കരിപ്പൂർ വിമാനത്താവളത്തിലെ കുടുംബശ്രീയുടെ സിഗ്‌നേച്ചർ സ്റ്റോറിന്റെ ആദ്യവില്പന എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് എയർപോർട്ട് ഡയറക്ടർ എസ്. സരേഷ്ന് നൽകുന്നു

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്‌നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്‌നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീ ആരംഭിക്കുന്ന ഉത്പ്പന്ന വിപണന ശാലയാണിത്. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് സ്വാശ്രയ സംഘങ്ങൾക്ക് ഇത്തരത്തിൽ ഉത്പ്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്‌നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.

കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്‌നേച്ചർ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പ്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡാവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതുവഴി ലഭിക്കും.