
പരപ്പനങ്ങാടി : കല്യാണവീട്ടിലും ഹരമായി ലോകകപ്പ് ഫുട്ബാൾ തരംഗം. വിവാഹസത്കാര വേദിയിൽ ചായകൗണ്ടറിന് ബ്രസീൽ പ്രതീതി നൽകിയാണ് ആരാധകർ ആവേശം പ്രകടിപ്പിച്ചത്. ചെട്ടിപ്പടി നെടുവയിലെ കച്ചോട്ടിൽ രാധാകൃഷ്ണൻ-ശകുന്തള ദമ്പതികളുടെ മകനും സൈനികനുമായ ശരൺജിത്തിന്റെയും അരിയല്ലൂർ പൂജ നിവാസിൽ പ്രിയ പ്രകാശിന്റെയും നെടുവയിൽ നടന്ന വിവാഹ സത്കാര വേദിയിലായിരുന്നു സംഭവം. വെജിറ്റേറിയൻ , നോൺ വെജിറ്റേറിയൻ തുടങ്ങി ഭക്ഷണം പ്രത്യേക കൗണ്ടറുകളിലായാണ് വച്ചിരുന്നത്. ഇതിൽ വിവിധയിനം ചായകൾ നൽകുന്ന കൗണ്ടറിൽ വിവാ ബ്രസീൽ എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു. ബ്രസീലിന്റെ കൊടിയും നെയ്മറിന്റെ പേരുള്ള ജഴ്സിയും ചിത്രവും തൂക്കിയിരുന്നു. കൗണ്ടറിൽ പക്ഷേ, മഞ്ഞനിറമുള്ള ചായക്ക് തൊട്ടടുത്തായി നീലനിറമുള്ള ചായയും സ്ഥാനം പിടിച്ചു. കൗണ്ടറിൽ ഭക്ഷണം വിളമ്പുന്ന ബ്രസീൽ ആരാധകരുടെ വകയായിരുന്നു ചായകൗണ്ടറിലെ ബ്രസീൽമയം. ബ്രസീൽ ആരാധകനായതിനാൽ ശരൺജിത്തും അനുവാദം നൽകി.