
മലപ്പുറം: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി ആലുംകുന്നിലെ മമ്പാടൻ മൊയ്തീൻ എന്ന ചെറിയോന്റെ മകൾ അഷാന ഷെറിൻ (27) ആണ് മരിച്ചത്. ഭർത്താവായ വണ്ടൂർ കൂരാട് സ്വദേശി ഷാനവാസുമായി കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നു കഴിയുകയായിരുന്നു അഷാന. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു അഷാനയ്‌ക്ക് നേരെ ആക്രമണമുണ്ടായത്.
ഷാനവാസ് നേരത്തെ മാനസികരോഗ ചികിത്സയ്‌ക്ക് വിധേയനായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരണമെന്ന ഭർത്താവിന്റെ ആവശ്യം നിരസിച്ചതാണ് അക്രമത്തിന് കാരണം. സംഭവ ദിവസം പുലർച്ചെ നാലോടെ ചെമ്പ്രശ്ശേരിയിലുള്ള ഭാര്യവീട്ടിലെത്തിയ ഷാനവാസ് ഓടു പൊളിച്ച് വീടിനകത്ത് അതിക്രമിച്ചു കയറി ഭാര്യയുടെ തലയ്‌ക്ക് മുകളിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു. കുട്ടികളെയും ആക്രമിക്കാൻ ശ്രമം നടന്നെങ്കിലും ബന്ധുകൾ ഇടപെട്ട് പിടിച്ചുമാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രി 11.30 ഓടെ മരിച്ചു. ഷാനവാസിനെ നേരത്തെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ആലുംകുന്ന് മൻഹജ് സുന്ന ജുമാമസ്ജിദിൽ ഖബറടക്കി. മക്കൾ: നദ്‌വ, നഹൽ.