
മലപ്പുറം: ജില്ലയിൽ കൽപ്പകഞ്ചേരി പ്രദേശത്ത് 28 കുട്ടികൾക്ക് മീസൽസ്(അഞ്ചാംപനി) രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. ഈ കുട്ടികളിൽ 25 പേരും മീസൽസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ്. വാക്സിനെടുത്ത മൂന്ന് കുട്ടികൾക്ക് രോഗബാധ ഉണ്ടായെങ്കിലും നിസാരമായ ലക്ഷണങ്ങളാണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവയ്പ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധ കുത്തിവയ്പ്പുകൾ കൊണ്ട് തടയാവുന്ന രോഗങ്ങൾ ജില്ലയിൽ വീണ്ടും വർദ്ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുട്ടികളുടെ പ്രതിരോധകുത്തിവയ്പ്പുകളിൽ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ആരോഗ്യവകുപ്പിന്റെയും മറ്റിതര വകുപ്പുകളുടെയും ശ്രമഫലമായി സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ജില്ല ഈ കാര്യത്തിൽ പിന്നാക്കം പോകുന്ന അവസ്ഥയായി. ഇതിന്റെ ഫലമായി കുത്തിവയ്പ്പ് കൊണ്ട് തടയാവുന്ന രോഗങ്ങളായ മീസൽസ് (അഞ്ചാം പനി), തൊണ്ടമുള്ള് തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്തു.
മടിക്കല്ലേ കുത്തിവയ്പ്പിന്
ജില്ലയിൽ സമീപ കാലത്ത് റിപ്പോർട്ട് ചെയ്ത മീസൽസ് കേസുകളിൽ ഭൂരിഭാഗവും മുതിർന്ന കുട്ടികളിലും കൗമാര പ്രായക്കാരിലുമാണ്. രോഗബാധ ഉണ്ടായവരിൽ ആയിരത്തിൽ ഒരാൾക്ക് രോഗം തലച്ചോറിനെ ബാധിച്ച് സ്ഥിരമായ ക്ഷതം ഉണ്ടാക്കുന്നു. കൂടാതെ ആയിരത്തിൽ ഒന്ന് മുതൽ മൂന്നുപേർ വരെ മരണപ്പെടാൻ സാദ്ധ്യതയുണ്ട്. രോഗം ബാധിച്ചവരിൽ അന്ധതയും ഗുരുതരമായ വയറിളക്കവും ന്യുമോണിയയും ഉണ്ടാകുവാനും അതുവഴി ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ, 20 വയസിന് മേൽ പ്രായമുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഈ രോഗബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വായുവിലൂടെ പകരുന്ന രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം രണ്ട് ഡോസ് മീസൽസ് കുത്തിവയ്പ്പ് എടുക്കുക മാത്രമാണ്. കുഞ്ഞുങ്ങൾക്ക് ആദ്യകുത്തിവയ്പ്പ് ഒമ്പത് മാസം പൂർത്തിയാകുമ്പോഴും രണ്ടാമത്തെ ഡോസ് 15 മാസം പൂർത്തിയാകുമ്പോഴും എടുക്കണം.
കുത്തിവയ്പ്പെടുക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും ഒരുമാസത്തെ ഇടവേളയിൽ മീസൽസ് അടങ്ങിയ വാക്സിനുകൾ എടുത്താൽ പ്രതിരോധ ശേഷി ലഭിക്കും. അതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ച് എല്ലാവരും വാക്സിനെടുക്കണം.
ഡോ.ആർ.രേണുക, ജില്ലാ മെഡിക്കർ ഓഫീസർ