iuml

മലപ്പുറം: ആർ.എസ്.എസ് അനുകൂല പ്രസ്താവനയിൽ കെ.പി.സി.സി പ്രസി‌ഡന്റ് കെ.സുധാകരൻ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും തിരുത്തുകയും ചെയ്ത പശ്ചാത്തലത്തിൽ, പ്രതിഷേധം അവസാനിപ്പിക്കാൻ മുസ്ലിം ലീഗ്. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ഉന്നതാധികാര സമിതിയംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.

ലീഗിന്റെ പ്രതിഷേധം കോൺഗ്രസ് ഗൗരവമായി എടുത്തതിന്റെ തെളിവാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ ബന്ധപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുല‌ർത്തുമെന്ന് ഉറപ്പേകി. വാക്കുപിഴയുണ്ടാക്കിയ തെറ്റിദ്ധാരണയെന്ന് ഫോണിലൂടെ കെ.സുധാകരനും വ്യക്തമാക്കി. അതേ സമയം യു.ഡി.എഫ് യോഗത്തിൽ വിഷയം ഉന്നയിക്കും.തെറ്റ് സംഭവിച്ചെന്നും ആവർത്തിക്കില്ലെന്നും ഉറപ്പ് കിട്ടുമ്പോൾ അത് അംഗീകരിക്കുകയാണ് മാന്യമായ രീതിയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. കെ.സുധാകരനെ താക്കീത് ചെയ്യണമെന്നോ രാജി വയ്ക്കണമെന്നോ ലീഗ് ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിൽ തുടർന്നിട്ട് ലീഗിന് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവർക്ക് നിരാശയാവും ഫലമെന്നും സലാം പറഞ്ഞു.


ഗവർണറെ

അനുകൂലിക്കാനില്ല

ചാൻസല‌ർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബില്ല് നിയമസഭയിൽ കൊണ്ടുവന്നാൽ എതിർക്കണോ എന്നതിൽ ലീഗ് യോഗം തീരുമാനമെടുത്തില്ല.

ബില്ലിനെ എതിർക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ലീഗ് നേതൃത്വം തള്ളി. രണ്ട് പാർട്ടികളാവുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവും. യു.ഡി.എഫ്. തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ലീഗ് വ്യക്തമാക്കി. സർക്കാരിനോടും ഗവർണറോടും തുല്യദൂരമെന്ന നയം തുടരാനാണ് ലീഗിന്റെ തീരുമാനം. സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയെ പുറത്താക്കിയ നടപടി പിൻവലിപ്പിക്കാൻ സമസ്തയുമായി ചർച്ച തുടരും.