bnbbbb

മലപ്പുറം: ജില്ലയിൽ പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത കുട്ടികളിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൽപ്പകഞ്ചേരി പഞ്ചായത്തിൽ 28 കുട്ടികൾക്ക് അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ രോഗ നിരീക്ഷണവും ബോധവത്കരണ പരിപാടികളും നടത്തിയതിനൊപ്പം പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്ത കുട്ടികളെ ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി, പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ജില്ലയിൽ മറ്റു ഭാഗങ്ങളിലും പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത കുട്ടികളിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഡി.എം.ഒ അറിയിച്ചു.

അഞ്ചാം പനിയെ പ്രതിരോധിക്കാം

പാരാമിക്‌സോ വൈറസ് വിഭാഗത്തിൽപെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. ആറ് മാസം മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്.

ലക്ഷണങ്ങൾ ഇവ

പനിയാണ് ആദ്യത്തെ ലക്ഷണം. കുടെ ചുമ, കണ്ണ് ചുവക്കൽ. ജലദോഷവും ഉണ്ടാകും. നാലുദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകിൽ നിന്ന് തുടങ്ങി മുഖത്തേക്ക് പടർന്നശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണ്ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദ്ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.

രോഗം പകരുന്നതിങ്ങനെ

അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.

സങ്കീർണ്ണതകൾ

അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജ്ജലീകരണവും ചെവിയിൽ പഴുപ്പുമാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചിറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്. അഞ്ചാം പനി കാരണമുള്ള മരണങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന വില്ലൻ ന്യുമോണിയയാണ്. തത്കാലം വലിയ കുഴപ്പങ്ങളില്ലാതെ ഭേദമായാലും അഞ്ചാം പനി അസുഖം വന്നു 7-10 വർഷങ്ങൾ കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്‌ക്ലറോസിംഗ് എൻസെഫലൈറ്റിസ് മരണകാരണമാകാം. ആളുടെ സ്വഭാവത്തിൽ ക്രമേണയുണ്ടാകുന്ന വ്യതിയാനങ്ങൾ, പഠനത്തിൽ പെട്ടെന്ന് പിറകോട്ടു പോകുക, ദേഷ്യവും വാശിയും കൂടുതലുണ്ടാവുക എന്നിവയിൽ തുടങ്ങി ശരീരം മുഴുവൻ ബലം പിടിക്കുന്ന അവസ്ഥയലേക്ക് പോയി അബോധാവസ്ഥയും ശ്വാസമെടുക്കാൻ വെന്റിലേറ്റർ സഹായവും ഒക്കെയായി മിക്കവാറും മരണത്തിലേക്ക് വഴുതിവീഴാൻ സാദ്ധ്യതയേറെയാണ്.

മീസിൽസ് കുത്തിവയ്പ്പ് എടുക്കാത്ത അഞ്ച് വയസിന് താഴെയുള്ളവർ 20 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ചപ്പട്ട ഗുരുതരമാവാൻ സാദ്ധ്യതയുള്ളവരാണ്. രോഗം ബാധിക്കുന്ന കുട്ടികളിൽ നിന്ന് ഇത്തരം ആളുകളിലേക്ക് രോഗം പകരുന്നതിനും അതുവഴി അവർ ഗുരുതരാവസ്ഥയിലാകുന്നതിനും സാദ്ധ്യതയുണ്ട്.

മീസൽസ് രോഗബാധ ഉണ്ടാകുന്നവരിൽ 20 മുതൽ 70 ശതമാനം കുട്ടികളിൽ വയറിളക്കം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഒരുവയസ്സിന് മുമ്പുണ്ടാകുന്ന വയറിളക്ക രോഗങ്ങളിൽ എട്ട് ശതമാനം ഉണ്ടാകുന്നത് മീസിൽസ് രോഗബാധ മൂലമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നു. മീസിൽസ് രോഗബാധ ഉണ്ടാകുന്നവരിൽ പത്തിൽ ഒരാൾക്ക് ചെവിക്ക് അണുബാധ ഉണ്ടാകാനും ഇരുപതിലൊരാൾക്ക് ന്യൂമോണിയ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.