
മലപ്പുറം: ഉത്പന്നം കൊണ്ടുപോകാനുള്ള കാരി ബാഗിൽ സ്വന്തം സ്ഥാപനത്തിന്റെ പരസ്യം മുദ്രണം ചെയ്യുകയും അതിന് പണം ഈടാക്കുകയും ചെയ്യുന്നത് അനുചിതമാണെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. കോഴിക്കോട്ടെ ഒരു മാളിലെ ഷോപ്പിൽ നിന്നും 3,495 രൂപയുടെ ഷൂവും 169 രൂപയുടെ സോക്സും വാങ്ങിയ പെരുവള്ളൂർ സ്വദേശി മുഹമ്മദ് റാഫിക്ക് നൽകിയ ബില്ലിൽ ഏഴ് രൂപ കാരിബാഗിന് ഈടാക്കിയപ്പോഴാണ് കമ്മിഷന് പരാതി നൽകിയത്.
പരാതിക്കാരന്റെ സമ്മതത്തോടെയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് മുക്ത മേഖലയെന്ന പദ്ധതിയുടെയും ഭാഗമായാണ് പണം ഈടാക്കിയതെന്ന കടയുടമയുടെ വാദം കമ്മിഷൻ സ്വീകരിച്ചില്ല. കാരിബാഗിന് ഈടാക്കിയ ഏഴ് രൂപ തിരിച്ചു നൽകാനും 10,000 രൂപ പിഴയായും 5,000 രൂപ കോടതിച്ചെലവായും പരാതിക്കാരന് നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവിന്റെ കോപ്പി കിട്ടി 30 ദിവസത്തിനകം പണം നൽകണം. പിഴ അടയ്ക്കാത്ത പക്ഷം വിധിസംഖ്യയിൻമേൽ 12 ശതമാനം പലിശയടക്കം നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ വിധിച്ചു.