
കോട്ടയ്ക്കൽ : പുത്തൂർ ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ട് കാറിലും ഓട്ടോയിലും ബൈക്കിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞു. ലോറി ഡ്രൈവറടക്കം 12 പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ ഭാഗത്തുനിന്നും കോൺക്രീറ്റ് മിക്സിംഗിന് ഉപയോഗിക്കുന്ന കെമിക്കലുമായി വന്ന ഭാരതി സിമന്റിന്റെ ചരക്ക് ലോറി ആദ്യം റോഡ് സൈഡിലെ ട്രാൻസ്ഫോമറിലും പിന്നീട് കാറിലും ഓട്ടോയിലും ബൈക്കിലുമിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി നിധീഷ്കുമാർ (23), കൊടിഞ്ഞി സ്വദേശികളായ കുത്തേരി നസൽ(16), ഫാത്തിമ സിയ(10), അനീഷ (36), ഫാത്തിമ (58), ആയിഷ തൻഹ (നാല്), ആയിഷ (52), വലിയപറമ്പ് പാപ്പായി സ്വദേശി അമ്പലവയൽ ആസിയ, പുത്തൂർ സ്വദേശി നെച്ചിയിൽ ഫാത്തിമ ഫിദ(18), മണ്ണാർക്കാട് സ്വദേശി പട്ടാണിത്തൊടി ഹമീദ് (46), അരിച്ചോൾ സ്വദേശി പുതുക്കിടി കുഞ്ഞീരുമ്മ (85), അരിച്ചോൾ സ്വദേശി കുറ്റിക്കാടൻ മുഹമ്മദ് നസീർ(28) എന്നിവരെ കോട്ടയ്ക്കൽ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയ്ക്കൽ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനം കൊണ്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും കൂടുതൽ അപകടം ഒഴിവായി. സ്ഥിരം അപകടമേഖലയായ കോട്ടയ്ക്കൽ പുത്തൂർ ഇറക്കത്തിൽ ഇന്നലെ വൈകിട്ടോടെ ഉണ്ടായ അപകടത്തിൽ പ്രദേശത്തെ ആറോളം വൈദ്യുതിക്കാലുകൾ മറിഞ്ഞുവീണു. വൈദ്യുതിക്കാൽ മറിഞ്ഞ് വീണ് ഇതുവഴി നടന്നു പോയ കാൽനടയാത്രക്കാരനും പരിക്കേറ്റു. അപകടം തുടർക്കഥയായ ഇവിടെ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിൽ നിന്നും അരികയറ്റിവന്ന മറ്റൊരു ലോറി മറിഞ്ഞിരുന്നു.
സ്ഥിരം അപകട മേഖലയായ പുത്തൂർ ഇറക്കത്തിൽ അധികൃതർ ആവശ്യമായ മുന്നറിയിപ്പു നടപടികളെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. അടുത്ത ദിവസം അപകടങ്ങൾ തുടർക്കഥയായ ഇവിടുത്തെ വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഒതുക്കുങ്ങൽ പഞ്ചായത്തിൽ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ.മുഹമ്മദ് ഷഫീഖ് പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തിൽ ഒരേ ഗിയറിൽ വാഹനമിറക്കുമ്പോൾ ബ്രേക്ക് കുറഞ്ഞു വരുന്നതാണ് അപകടത്തിനിടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം അപകടമേഖലയായ ഇവിടെ ആവശ്യത്തിന് സൈൻ ബോർഡുകളോ സൂചനാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.