
പുലമന്തോൾ: പുലാമന്തോൾ പഞ്ചായത്തിലെ വടക്കൻ പാലൂരിൽ 11 -ാം വാർഡ് കരിമ്പംകുന്നിലെ ഇ.എം.എസ് സ്മാരക പഞ്ചായത്ത് ഗ്രൗണ്ടിൽ കളിക്കാനാവില്ല. ഗ്രൗണ്ട് പ്രദേശത്ത് പൊന്തക്കാടുകൾ നിറഞ്ഞിരിക്കുകയാണ്. കുന്നിൻപ്രദേശം നിരത്തി നിർമ്മിച്ചതിനാൽ ചരലും പാറക്കല്ലുകളുമാണ് ഒന്നര ഏക്കറിലുള്ള ഗ്രൗണ്ടിലേറെയും. പരിക്കേൽക്കുമെന്ന് ഭയന്നും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടും യുവാക്കളും ഗ്രൗണ്ട് ഉപയോഗിക്കുന്നില്ല. ഇവിടേക്ക് പാടം അരിക് കെട്ടി ഉയർത്തി നിർമ്മിച്ച റോഡ് മഴക്കാലത്ത് ചളിക്കുളമാണ്. ഗ്രൗണ്ടിൽ കളിക്കാനെത്തുവരുടെയും മറ്റും ബൈക്കുകൾ തെന്നിവീഴുന്നതും പതിവാണ്. പാടം കഴിഞ്ഞ് തകർന്ന് കിടക്കുന്ന വലിയ കയറ്റമുള്ള റോഡിലൂടെ ഗ്രൗണ്ടിലേക്കുള്ള യാത്ര ദുഷ്കരമാണ്. ഇതോടെ കളിക്കാനായി ഈ ഗ്രൗണ്ടിലെത്തിയ യുവാക്കളിൽ പലരും പിന്നീട് വരാതായി.
2018ൽ സ്ഥലം വാങ്ങി 2019 അവസാനമാണ് ഗ്രൗണ്ട് നിർമ്മിച്ച് ഉദ്ഘാടനം നിർവഹിച്ചത്.സ്ഥലം വാങ്ങിക്കാനായി 48 ലക്ഷം രൂപയും ഗ്രൗണ്ട് നിർമ്മാണത്തിനും മറ്റുമായി ഒരു കോടിയ്ക്കടുത്തും ചെലവും വന്നു.
ഗ്രൗണ്ടിലേക്കുള്ള റോഡിനായി ജില്ലാപഞ്ചായത്തിന്റെ ഏഴ് ലക്ഷവും പഞ്ചായത്തിന്റെ മൂന്ന് ലക്ഷവുമടക്കം പത്ത് ലക്ഷം രൂപ പാസായിട്ടുണ്ട്. ഗ്രൗണ്ട് വികസനത്തിനും അറ്റകുറ്റപ്പണികളും സംബന്ധിച്ച് കായിക മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമായാൽ പണികൾ ആരംഭിക്കും.
- പി.സൗമ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഗ്രൗണ്ടിന് അനുയോജ്യമല്ലാത്ത സ്ഥലമാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി കളിസ്ഥലം നിർമ്മിക്കാനായി തിരഞ്ഞെടുത്തത്. കുന്നിൻപ്രദേശം നിരത്തി നിർമ്മിച്ച ഗ്രൗണ്ടിൽ ചരലും പാറക്കല്ലുകളും കാരണം കളിക്കാർക്ക് പരിക്കേൽക്കുന്ന സ്ഥിതിയാണ്.
- കെ. ഷിഹാബുദ്ദീൻ, വാർഡ് മെമ്പർ