
മലപ്പുറം: കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് ശശി തരൂരിന് പിന്തുണ ഉറപ്പേകി മുസ്ളിം ലീഗ്. ഇന്നലെ പാണക്കാട്ടെത്തി ശശി തരൂരും എം.കെ. രാഘവൻ എം.പിയും ലീഗ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ധാരണ.
ശശി തരൂരിന്റെ സജീവ സാന്നിദ്ധ്യം യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗ്. അതേസമയം, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവാനാണ് തീരുമാനം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ശശി തരൂർ മികച്ച പ്രചാരകനാണെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണെന്നുമുള്ള ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയും പിന്തുണയുടെ ഭാഗമാണ്. ഭരണത്തിൽ തിരിച്ചുവരാനുള്ള സാദ്ധ്യതകൾക്ക് കോൺഗ്രസിലെ വിഭാഗീയത മങ്ങലേൽപ്പിക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്. വിഭാഗീയതയിൽ പരസ്യ പ്രസ്താവനകൾ വേണ്ടെന്ന് തീരുമാനിച്ച ലീഗ് നേതൃത്വം, യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തരൂരിന് പിന്തുണയറിയിച്ചു. പുതിയ ഗ്രൂപ്പിനല്ല, ഐക്യ കോൺഗ്രസിനാണ് തന്റെ ശ്രമമെന്ന സന്ദേശമേകണമെന്നും തരൂരിനോട് ലീഗ് നേതൃത്വം സൂചിപ്പിച്ചു.
തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകൾ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പാണക്കാട് വച്ചുള്ള ഊഷ്മള സ്വീകരണത്തിലൂടെ കോൺഗ്രസിലെ വിഭാഗീയതയ്ക്കെതിരെ മുന്നറിയിപ്പും ലീഗ് ലക്ഷ്യമിട്ടു. തുടർച്ചയായി അധികാരത്തിന് പുറത്തിരിക്കുന്നത് ലീഗിനുള്ളിൽ വലിയ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുമൊരു തിരിച്ചടി ലീഗ് ആഗ്രഹിക്കുന്നില്ല.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയിൽ ലീഗിന്റെ അതൃപ്തി മാറിയിട്ടില്ല. പരസ്യ പ്രസ്താവനകൾ മയപ്പെടുത്തിയെന്ന് മാത്രം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പല വിഷയങ്ങളിലും ലീഗിന് സ്വരച്ചേർച്ചയില്ല. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള ബില്ലിനെ എതിർക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ലീഗ് തിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശശി തരൂരിന് ലീഗേകുന്ന പിന്തുണയ്ക്ക് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. യു.ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയുടെ അഭിപ്രായവും പിന്തുണയും ഹൈക്കമാൻഡിനും തള്ളിക്കളയാനാവില്ലെന്നത് ചില കോൺഗ്രസ് നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടുന്നു.