
മലപ്പുറം: ശശി തരൂരുമായി ദീർഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദർശനം മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാടുമായുള്ള ബന്ധം അദ്ദേഹം കേരളത്തിൽ വന്നത് മുതൽ തുടങ്ങിയതാണ്. ഹൈദരലി തങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. പെരിന്തൽമണ്ണയിലുള്ള ഹൈദരലി തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിലെ വിദ്യാർത്ഥികളുമായി സംവദിക്കാൻ പോവുംവഴിയാണ് പാണക്കാട്ടേക്ക് വന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. തരൂരിന്റേത് സൗഹൃദ സന്ദർശനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മറ്റു പാർട്ടികളുടെ ആഭ്യന്തര വിഷയം ലീഗ് സംസാരിക്കേണ്ടതില്ല. അതിൽ ഇടപെടുകയുമില്ല. യു.ഡി.എഫിന്റെ സാദ്ധ്യതയും പൊതുരാഷ്ട്രീയ കാര്യങ്ങളുമാണ് ചർച്ചയിൽ വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.