d

നിലമ്പൂർ: എട്ടാമത് ചാലിയാർ റിവർ പാഡിലിന് നാളെ നിലമ്പൂരിൽ തുടക്കമാവും. നിലമ്പൂർ മാനവേദൻ എച്ച്.എസ്.എസിന് സമീപത്തുള്ള കടവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന കയാകിംഗ് ബോധവത്കരണ യാത്ര ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ചെറുവണ്ണൂരിൽ സമാപിക്കും.

വിവിധ തരം കയാക്കുകളിലും സ്റ്റാൻഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലുമായാണ് യാത്ര. കോഴിക്കോട് കേന്ദ്രമായ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബാണ് സംഘാടകർ. കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും നൂറോളം ആളുകൾ പങ്കെടുക്കും. ചാലിയാറിലൂടെ 68 കിലോമീറ്റർ സഞ്ചരിക്കും. ലോക പ്രശസ്ത കയാകിംഗ് താരങ്ങളാണ് പങ്കെടുക്കുന്നത്. തുടക്കകാർക്കും തുഴയെറിയാം.

ചാലിയാറിൽ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക, നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകതയും ജല സാഹസിക കായിക വിനോദങ്ങളും ജനങ്ങളിലെത്തിക്കുക എന്നിവയാണ് റിവർ പാഡിലിന്റെ ലക്ഷ്യം. മൂന്നു ദിവസം കൊണ്ട് ചാലിയാറിൽ നിന്നും ഏകദേശം 1000 കിലോഗ്രാം മാലിന്യം ശേഖരിക്കും. ഇത് വേർതിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കും.

കൗഷിക്ക് കോടിത്തോടിക

ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ്