
തേഞ്ഞിപ്പലം: ഐഡിയൽ കടകശ്ശേരിയുടെ ഒരു പൊൻതാരമാണ് മത്സരിച്ച നാലിലും സ്വർണം നേടിയ റബീഹ് അഹമ്മദ്. മൂന്ന് വ്യക്തിഗത ഇനത്തിലും 4x 100 റിലേയിലുമാണ് റബീഹിന്റെ നേട്ടം. ജൂനിയർ ആൺകുട്ടികളുടെ 400, 800 മീറ്റർ ഓട്ടത്തിലും 400 മീറ്റർ ഹഡിൽസിലും റബീഹ് ഓടിത്തോൽപ്പിച്ചു.
ചേകന്നൂർ വടക്കേതിൽ മുഹമ്മദ് റഫീഖാണ് റബീഹിന്റെ പിതാവ്. സുനീറ മാതാവും. പിതാവ് ഗൾഫിലായതിനാൽ അദ്ദേഹത്തിന്റെ അനിയൻ സജാദാണ് റബീഹിന് വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകുന്നത്. മത്സരങ്ങൾക്ക് കൊണ്ടുപോകുന്നതും സജാദാണ്. ഹോസ്റ്റലിൽ നിന്നാണ് റബീഹ് പഠിക്കുന്നത്. രാവിലെയും വൈകുന്നേരവും കായികദ്ധ്യാപകൻ നതീഷ് ചാക്കോയുടെ നിർദ്ദേശങ്ങളോടെയുള്ള പരിശീലനമാണ് സ്വർണ്ണ നേട്ടത്തിന് കാരണമെന്ന് റബീഹ് പറയുന്നു.