afrina

തേഞ്ഞിപ്പലം: അഫ്രീന ഒരു പെൺപുലി തന്നെയാണ്. ട്രാക്കിലവൾ പതുങ്ങിയിരിക്കുന്നത് കണ്ട് നിസാരമാക്കണ്ട. ഓടാനിറങ്ങിയാൽ സ്വർണ്ണം കൊണ്ടേ മടങ്ങൂ. ഈ ചെറിയ പെൺകുട്ടിക്ക് അവളുടെ കാലുകളുടെ കരുത്തിലാണ് വിശ്വാസം. വാഴക്കാട് ജി.എച്ച്.എസ്.എസിന്റെ ഈ ഓട്ടക്കാരി ജൂനിയർ ഗേൾസിന്റെ 800,​ 3000,​ 1500 മീറ്റർ ഓട്ടമത്സരങ്ങളിലാണ് സ്വർണം നേടിയത്. പേശിവലിവിന്റെ പ്രശ്നങ്ങളൊന്നും ഒന്നാം സ്ഥാനം നേടുന്നതിന് അവൾക്ക് തടസമായില്ല. ജൂനിയർ പെൺകുട്ടികളുടെ അത്‌ലറ്റിക്സ് മത്സരത്തിൽ കൂടുതൽ പോയിന്റ് നേടിയ രണ്ടാളിൽ ഒരാളാണ് അഫ്രീന. പെരുവയൽ മേലെനടുക്കണ്ടിൽ വീട്ടിൽ അഫ്രീന പ്ലസ്‌വണ്ണിലാണ് പഠിക്കുന്നത്.

പിതാവ് ആബിദും മാതാവ് സുബൈദയും ബംഗളൂരുവിലാണ്. വല്ല്യുമ്മയുടെ കൂടെയാണ് താമസം.

ബോക്സിംഗിലും നേട്ടങ്ങൾ കൊയ്തിട്ടുണ്ട് . ജില്ലാ ബോക്സിംഗിൽ സ്വർണം നേടിയിരുന്നു. കോഴിക്കോട് നടന്ന സംസ്ഥാന ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവും നേടി. സംസ്ഥാനത്ത് വുഷു മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ അഫ്രീന കൊൽക്കത്തയിൽ ദേശീയ സബ്‌ജൂനിയർ വുഷു മത്സരത്തിൽ കേരളത്തിന് വേണ്ടി മത്സരിച്ചിട്ടുണ്ട്. വുഷു മത്സരത്തിന് ലഭിക്കുന്ന പരിശീലനം ഓട്ടത്തിന് കരുത്ത് പകർന്നതായി അഫ്രീന പറയുന്നു. സ്കൂളിലെ കായികാദ്ധ്യാപകൻ ജാബി‍റിന്റെ മേൽനോട്ടത്തിൽ വൈകിട്ടാണ് പരിശീലനം.