
തിരൂർ: തുഞ്ചന്റെ മണ്ണിൽ കൗമാര കലാ സംഗമത്തിന് നാളെ തിരിതെളിയും. ഡിസംബർ രണ്ട് വരെ അഞ്ച് ദിനങ്ങളിലായി നടക്കുന്ന 33-ാമത് ജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വൈകിട്ട് നാലിന് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ്‌കുമാർ 28ന് രാവിലെ ഒമ്പതിന് പതാക ഉയർത്തുന്നതോടെ ഓഫ് സ്റ്റേജ് ഉൾപ്പടെ മത്സരങ്ങൾക്ക് തുടക്കമാകും. തുടർന്ന് വേദി നാലിൽ ബാന്റ് മേളവും വേദി ആറിൽ ചെണ്ടമേളവും അരങ്ങേറും. രാവിലെ 11ന് കഥകളി ഗ്രൂപ്പ്, സിംഗിൾ മത്സരങ്ങളും വൈകുന്നേരം ആറിന് ചവിട്ടുനാടകം, യക്ഷഗാനം എന്നിവയും വിവിധ വേദികളിലായി നടക്കും. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ 23 ഹാളുകളിലായി രാവിലെ ഒമ്പത് മുതൽ ഓഫ്‌സ്റ്റേജ് മത്സരങ്ങളും നടക്കും. പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ, തെക്കുമുറി പഞ്ചമി സ്‌കൂൾ, എൻ.എസ്.എസ് ഹൈസ്‌കൂൾ, എസ്.എസ്.എം പോളിടെക്നിക്, ബി.പി അങ്ങാടി ഗേൾസ് ഹൈസ്‌കൂൾ ഉൾപ്പടെ 16 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 309 ഇനങ്ങളിലായി 9,560 മത്സരാർത്ഥികൾ പങ്കെടുക്കും. ഓരോ വേദികളിലും 10 അദ്ധ്യാപകരെ ചുമതലപ്പെടുത്തും. കൂടാതെ മുന്നൂറോളം വളണ്ടിയർമാരുടെ സേവനവും പ്രയോജനപ്പെടുത്തും.
രജിസ്‌ട്രേഷൻ ഇന്ന്
ജില്ലാ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 11ന് തുടങ്ങും. 17 സബ് ജില്ലയിലെയും മത്സരാർത്ഥികൾക്കുള്ള പാർട്ടിസിപ്പന്റ് കാർഡുകൾ, വിവിധ സബ് കമ്മറ്റികൾക്കുള്ള ബാഡ്ജുകൾ എന്നിവ റജിസ്‌ട്രേഷൻ സമയത്ത് വിതരണം ചെയ്യും. റജിസ്‌ട്രേഷന് മുമ്പായി മുൻവർഷം കൈപ്പറ്റിയ റോളിംഗ് ട്രോഫികൾ അതത് സബ്‌ജില്ലാ കൺവീനർമാർ ട്രോഫി കമ്മിറ്റിയെ ഏൽപ്പിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫലം പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ട്രോഫി കമ്മിറ്റിയുമായി ബന്ധപ്പെടണം. ഇതിനായി പ്രത്യേക പവലിയൻ ഏർപ്പാടാക്കും.
ഭക്ഷണം പോളി ഗ്രൗണ്ടിൽ
എസ്.എസ്.എം പോളിടെക്നിക്കിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് ഊട്ടുപുരയും പാചകപ്പുരയും ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന് എത്തുന്ന 50,000 പേർക്ക് 10 കൗണ്ടറുകളിലായി ഭക്ഷണം വിതരണം ചെയ്യും. മത്സരാർത്ഥികൾ, കൂടെയുള്ള അദ്ധ്യാപകർ, സംഘാടകർ, ജഡ്ജുമാർ, വോളണ്ടിയേഴ്സ് എന്നിവർക്കാണ് പായസം ഉൾപ്പെടുന്ന ഭക്ഷണം സജ്ജീകരിക്കുന്നത്.
എല്ലാം ക്യാമറ കാണും
കലോത്സവത്തിന് ഒരുക്കിയ വേദികളിലെല്ലാം സി.സി ടി.വി ക്യാമറാ കണ്ണുകളുണ്ടാകും. എല്ലാ വേദികളെയും ബന്ധിപ്പിക്കുന്ന സമഗ്ര സി.സി ടി.വി സംവിധാനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
അപ്പീലുകൾ കർശനമാക്കും
മത്സരങ്ങൾ അനന്തമായി നീളാതിരിക്കാൻ സമയനിഷ്ഠത പാലിക്കാനും മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കും. അപ്പീലുകളുടെ ബാഹുല്യം കുറയ്ക്കാൻ കർശന തീരുമാനമെടുക്കും. അർഹരുടെ അവസരം നിഷേധിക്കാത്ത വിധത്തിൽ അപ്പീൽ നൽകുന്നതിനുള്ള അവസരം ഒരുക്കും.