
മലപ്പുറം: ഫുട്ബാൾ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ലീഗിന് അത്തരമൊരു അഭിപ്രായമില്ല. സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ല. അത്തരമൊരു പരാമർശം എന്തുകൊണ്ടാണ് വന്നെന്ന് അറിയില്ല. ജനങ്ങളുടെ ഫുട്ബാൾ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു.
മതവും ഫുട്ബാളും രണ്ടും രണ്ടാണ്: മന്ത്രി വി.അബ്ദുറഹിമാൻ
മലപ്പുറം: മതവും ഫുട്ബാളും രണ്ടും രണ്ടാണെന്നും കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിന്റെ ഭാഗമാണെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ജനങ്ങളുടെ ഫിസിക്കൽ ഫിറ്റ്നസിന് ഏറ്റവും യോജിച്ച കാര്യമാണ് ഫുട്ബാൾ. കൂടുതൽപേരെ ഇതിലേക്ക് കൊണ്ടുവരാനാണ് സർക്കാരിന്റെ ശ്രമം. അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്നത് അതിന്റെ ഭാഗമായാണ്. വിഷയത്തെ കുറിച്ചറിയുന്നവർ അങ്ങനെ സംസാരിക്കില്ല. സമസ്ത നേതൃത്വം ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാറില്ല. ഇക്കാര്യത്തിൽ സമസ്തയെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. സമസ്തയിലെ ഏതെങ്കിലും ഭാരവാഹികളാകാം അതു പറഞ്ഞത്. അത് അവർ തിരുത്തുമായിരിക്കാം. ഇക്കാര്യം സമസ്തയും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.