
പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് നവംബർ 7 മുതൽ തുടക്കമാകും. 15,16,17 തീയതികളിലാണ് രഥപ്രയാണവും സംഗമവും നടക്കുക
പാലക്കാട് കൽപ്പാത്തിയിലെ അഗ്രഹാരങ്ങൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും തനതായ കഥകൾ പേറുന്ന തമിഴ് ബ്രാഹ്മണരുടെ വാസകേന്ദ്രം. മുത്തശ്ശിക്കഥകൾ പോലെ അർത്ഥവത്തായ കഥകൾ.കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നതിൽ പാലക്കാടിന് നിർണായക പങ്കുണ്ട്. പാലക്കാടിന്റെ വൈവിദ്ധ്യങ്ങളെ അത്രമേൽ സമ്പന്നമാക്കുന്ന ധാരകളിലൊന്ന് തീർച്ചയായും ഒഴുകിയെത്തിയത് കൽപ്പാത്തിയെന്ന അഗ്രഹാര ഗ്രാമത്തിൽ നിന്നു തന്നെയാണ്. ഏഴ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സംസ്ക്കാരവും പൈതൃകവും പേറുന്ന ഈ തമിഴ് കുടിയേറ്റ ഗ്രാമം കർണാടിക് സംഗീതത്തിന്റെ കേന്ദ്രമെന്ന നിലയിലാണ് ഏറെ പ്രസിദ്ധം. ഒന്ന് മറ്റൊന്നിനോട് ചേർന്നിരിക്കുന്ന അഗ്രഹാര വീടുകളുടെ വാസ്തു സൗന്ദര്യം, വെങ്കിടേശ സുപ്രഭാതവും വേദ മന്ത്രോച്ചാരണങ്ങളും ശിവസ്തോത്രങ്ങളും കേട്ടുണരുന്ന തെരുവ്. ഉമ്മറക്കോലായിൽ അരിമാവിൽ വിരിയുന്ന കോലങ്ങൾ, ഇഡലിയിലും സാമ്പാറിലും തുടങ്ങി നെയ്യിൽ മുങ്ങിയ മധുര പലഹാരങ്ങൾ വരെ നീളുന്ന തമിഴ് രുചികൾ, തനിമ ചോരാതെ ആഘോഷിക്കപ്പെടുന്ന വർണാഭമായ രഥോൽത്സവം. ഇതെല്ലാം തലമുറകൾ കൈമാറിവരുന്ന കൽപ്പാത്തിയുടെ സവിശേഷമായ ജീവിത മുദ്രകളാണ്.കൽപ്പാത്തിയിലെത്തിയ തഞ്ചാവൂർ ബ്രാഹ്മണസമൂഹം തമിഴ് രീതികൾ ഒന്നൊന്നായി പ്രചരിപ്പിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂർ തനിമ പാലിക്കാൻ അവർ ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രസിദ്ധം കൽപ്പാത്തി രഥോത്സവത്തിനാണ്.
രഥോത്സവം
പാലക്കാട്ട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളിൽ ആറുമാസം നീണ്ടുനിൽക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കൽപ്പാത്തി രഥോത്സവമാണ്. വൈദിക കാലഘട്ടത്തിൽ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതൽക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിർമ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകൾ കൽപ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വർണ്ണോജ്വലമായ ഒരു കാഴ്ചയാണ്. കൽപ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വർഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാർ മദ്രാസ് പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കൽപ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം.നവംബറിലെ ആദ്യ രണ്ടാഴ്ചകളിൽ നടത്തപ്പെടുന്ന വലിയ ചടങ്ങാണിത്. 700 വർഷം പഴക്കമുള്ള ഈ ഉത്സവത്തിൽ, കൽപ്പാത്തിയിലെ നാലു ക്ഷേത്രങ്ങളിൽ നിന്നുമെത്തുന്ന നാല് രഥങ്ങൾ ഈ തെരുവുകളിൽ സംഗമിക്കുന്നു. വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യൻ, ലക്ഷ്മീനാരായണ പെരുമാൾ, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളിൽ നിന്നുള്ള തേരുകളാണ് തേരുമുട്ടിയിൽ സംഗമിക്കുന്നത്. ഊർവലം എന്ന വലിയൊരു ഘോഷയാത്രയായി ഓരോ രഥങ്ങളും മുന്നോട്ടു നീങ്ങുന്നു. പ്രധാന രഥത്തിൽ ശിവനും രണ്ടു ചെറിയ രഥങ്ങളിൽ അദ്ദേഹത്തിന്റെ പുത്രന്മാരുമാണ് എഴുന്നള്ളുന്നത്. മറ്റു ഗ്രാമങ്ങളിൽ നിന്നുള്ള രഥങ്ങളും ചേർന്ന് ദേവരഥസംഗമമാകുന്നു. സംഗീതോത്സവമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. ഈ വർഷത്തെ രഥോത്സവത്തിന് നവംബർ 7 മുതൽ തുടക്കമാകും. 15,16,17 തീയതികളിലാണ് രഥപ്രയാണവും സംഗമവും നടക്കുക.
അഗ്രഹാര നിർമ്മിതി
വീടുണ്ടാക്കുമ്പോൾ തഞ്ചാവൂരിലെ അതേ വാസ്തുവും പ്ലാനുമാണ് അവർ ഉപയോഗിച്ചത്. സാമാന്യം വീതിയുള്ള ഒരു പാതയിൽ ഇരുവശത്തും ഒരുപോലെ അതിരുകളില്ലാതെ നിരനിരയായി പണിതീർത്തിട്ടുള്ള ഓടുമേഞ്ഞ ഒറ്റ/ ഇരുനില കെട്ടിടങ്ങൾ. സിമന്റ് തേച്ച് മിനുസപ്പെടുത്തിയ തറ. പ്രധാന കവാടം വീഥിയിലേക്ക് നേരിട്ടു തുറക്കുന്നരീതി. മുൻവശത്ത് മുറ്റമോ വേലിയോ മതിലോ എന്നിങ്ങനെ അതിർത്തി തിരിക്കുന്ന ഒന്നുമില്ല.
വീടുകൾക്ക് മൂന്നു പ്രധാനഭാഗങ്ങൾ ഉണ്ടാകും. ഒന്നാം കെട്ട് പൊതുമുറി/ കിടപ്പുമുറി, അടുക്കള, കിണർ, തുളസിത്തറ. രണ്ടാം കെട്ട് പശുത്തൊഴുത്ത്, അനുബന്ധ ജോലികൾക്കായി ഒരു മുറിയുമുണ്ടാകും. മൂന്നാം കെട്ട് ശുചിമുറി, അടുക്കളത്തോട്ടം തുടങ്ങിയവ. ആദ്യം തിണ്ണ, പിന്നെ നേഴി, നേഴിക്കിരുവശത്തും പത്തായങ്ങൾ, നേഴി ചെന്നെത്തുന്നത് കൂടത്തിൽ, കൂടത്തോട് ചേർന്ന് മച്ചുകൾ, കൂടം കഴിഞ്ഞ് അടുക്കള, അടുക്കളയോടു ചേർന്ന് കിണർ, അതു കഴിഞ്ഞാൽ രണ്ടാം കെട്ട്, കൊട്ടുക്കൂടം, അതിനുപിന്നിൽ പശുക്കളെയും മറ്റും കെട്ടുന്ന മൂന്നാം കെട്ട്, അതിനും പിന്നിൽ മറ്റുചിലതുമുണ്ട്.
പുഴപോലെ ഒഴുകട്ടെ പേരും പെരുമയും
ഒരു തമിഴ് കുടിയേറ്റ ഗ്രാമം എന്നതിനും അപ്പുറം മലയാളികളുടെ സംസ്കാരിക ജീവിതത്തിന് അവഗണിക്കാനാവാത്ത സംഭാവനകൾ നൽകിയെന്ന നിലയിൽ കൂടിയാണ് കൽപ്പാത്തി പ്രാധാന്യമർഹിക്കുന്നത്. സാഹിത്യത്തിലും സംഗീതത്തിലും ബ്യൂറോക്രസിയിലും ശാസ്ത്ര ഗവേഷണ രംഗത്തും ജുഡീഷ്യറിയിലുമെല്ലാം ഈ അഗ്രഹാര തെരുവിൽ നിന്നും തിളക്കമാർന്ന പ്രാതിനിധ്യങ്ങളുണ്ടായിട്ടുണ്ട്.കർണാടക സംഗീതത്തിന്റെ നാദമഹിമയുടെ സ്വരസ്ഥായികൾ പാലക്കാട്ടുകാർ പരിചയപ്പെട്ടത് കൽപാത്തി വഴിയായിരുന്നു. ഇവിടത്തുകാരുടെ ജീവശ്വാസവും സംഗീതമാണ്. സി.എസ് കൃഷ്ണയ്യർ, ചെെെമ്പ, എം.ഡി രാമനാഥൻ, മൃദംഗം മണി അയ്യർ, കെ.വി നാരായണ സ്വാമി, പരമേശ്വര രാമ ഭാഗവതർ, മുണ്ടായ രാമഭാഗവതർ, ദേശമംഗലം രാമനാരായണ അയ്യർ, ജി.കെ ശിവരാമൻ തുടങ്ങിയ വായ്പ്പാട്ടിലും വാദ്യോപകരണങ്ങളിലും അഗ്രഗണ്യരായവരെ വളർത്തിയത് ഈ തെരുവാണ്.
പലായന ചരിത്രം
എ.ഡി ആറാം നൂറ്റാണ്ടിൽ പാലക്കാട്ടുശ്ശേരി ദേശം ഭരിച്ചിരുന്ന ഇട്ടിക്കോമ്പിയച്ചൻ പന്ത്രണ്ട് ബ്രാഹ്മണ കുടുംബങ്ങളെ ക്ഷേത്ര പൂജകൾക്കായി തഞ്ചാവൂരിൽ നിന്നും ക്ഷണിച്ചുവരുത്തി ഇന്നത്തെ കൽപാത്തിയിലെ പന്ത്രണ്ടാം തെരുവിൽ പാർപ്പിച്ചതാണ് പലായനത്തിന്റെ പ്രാരംഭം.ഇരുകരയിലുമുള്ള കരിങ്കൽപ്പാത്തികൾക്കിടയിലൂടെ ഒഴുകുന്നതിനാലാണ് കൽപ്പാത്തിപ്പുഴയ്ക്ക് ആ പേരുവന്നതെന്നും പുഴയോരത്തെ നാട് പിന്നെ കൽപ്പാത്തിയെന്നറിയപ്പെട്ടു തുടങ്ങിയെന്നും ഒരു വാമൊഴി പ്രചാരത്തിലുണ്ട്. നദീ തീരസംസ്കാരത്തിന്റെ അടയാളപ്പെടുത്തലായ കൽപ്പാത്തിയുടെ ചരിത്രം ആരംഭിക്കുന്നത് 14-ാം നൂറ്റാണ്ടിലാണ്.
തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്ത് മായാവാരത്ത് നിന്നാണ് ഈ ബ്രാഹ്മണ സമൂഹം പാലക്കാട്ടേക്ക് കുടിയേറുന്നത്. പാലക്കാട്ട് രാജാവായ ഇട്ടിക്കോമ്പിയച്ചൻ ക്ഷേത്ര പൂജകൾക്കായി കൊണ്ടുവന്നതാണെന്നും പാണ്ഡ്യരാജാവായിരുന്ന മാരവർമ്മ കുലശേഖരത്തിന്റെ മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ രക്ഷതേടി ചുരം താണ്ടി വന്നതാണെന്നും രണ്ട് ചരിത്രം ഇവരുടെ കുടിയേറ്റത്തെക്കുറിച്ച് പറയപ്പെടുന്നുണ്ട്.കാലം കടന്നപ്പോൾ പുഴക്കരയിലെ ബ്രാഹ്മണരുടെ ഗ്രാമം അഗ്രഹാരമായി. മലയാളക്കരയുടെ സംസ്കാരവും ബ്രാഹ്മണ്യത്തിന്റെ വിശുദ്ധിയും ഹൃദയത്തിന് കുറുകെയണിഞ്ഞ് അവർ ക്ഷേത്രോപാസകരായി ഉപനയനം ചെയ്തു. കാലപ്പഴക്കത്തിന്റെ പെരുമ പിൽക്കാലത്ത് കൽപ്പാത്തിയെന്ന പേരിനെ യുനെസ്കോയുടെ പൈതൃക പട്ടികയിലും ഇടംനേടിക്കൊടുത്തു.ഇവിടുത്തെ രഥങ്ങൾക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേൽക്കൂരയോടും സാമ്യമുണ്ട്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശിൽപ്പികളാണ് രഥം തയ്യാറാക്കുന്നത്.