crime

പാലക്കാട്: മൊബൈൽ ഫോൺ വിൽപ്പനശാല വിപുലീകരിക്കുന്നതിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈനെ സ്ഥാനത്തുനിന്ന് നീക്കി സംഘടനാ നടപടി. ഇയാളെ സ്ഥാനത്തുനിന്ന് നീക്കിയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബിന്റെ കത്ത് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ്ബാബുവിന് ലഭിച്ചു.

കണ്ണാടി സ്വദേശിയുടെ പരാതിയിലാണ് സദ്ദാം ഹുസൈനെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ഭാര്യ: അനീസ (23), ഷാജഹാൻ (38), ഷംസുദ്ദീൻ (36) എന്നിവർക്കെതിരെയും വഞ്ചനാകുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. പാലക്കാട് നഗരത്തിലെ മൊബൈൽ സ്ഥാപനങ്ങൾ വിപുലീകരിച്ച് ഒരു ബ്രാൻഡിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ മൊബൈൽ ശൃംഖല തുറക്കുമെന്നായിരുന്നു വാഗ്ദാനം. ഈ ശൃംഖലയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരനിൽ നിന്ന് തുക തട്ടിയത്.

2021 ഏപ്രിൽ മുതൽ ഡിസംബർവരെ വിവിധ തവണകളായി 38.50 ലക്ഷം രൂപ പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും നൽകി. എന്നാൽ, സ്ഥാപനം തുടങ്ങിയില്ല. പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആർ. തട്ടിപ്പ് പുറത്തുവന്നതിനു പിന്നിൽ യൂത്ത് കോൺഗ്രസിലെ ചേരിപ്പോരാണെന്ന് ഒരുവിഭാഗം പറയുന്നു.

 'ആരോപണം കെട്ടിച്ചമച്ചത്'

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് സദ്ദാം ഹുസൈൻ. കൊവിഡ് കാലത്ത് ബിസിനസ് ആവശ്യത്തിനായി കടമെടുത്ത തുകയ്ക്ക് പലിശ ചേർത്ത് ഇരട്ടിയോളം ആവശ്യപ്പെട്ടതോടെ ഇടപാടുകാരുമായി ഉണ്ടായ തർക്കമാണ് വ്യാജ പരാതിയിൽ കലാശിച്ചത്. ഇതിനെ നിയമപരമായി നേരിടുമെന്നും സദ്ദാം പറഞ്ഞു.