രണ്ടുകോടി രൂപയുടെ പദ്ധതിക്ക് കരാറായി
പട്ടാമ്പി: നഗരത്തിലെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ബൈപാസ് റോഡ് പദ്ധതിക്ക് ചിറകുവെയ്ക്കുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ശ്രമഫലമായാണ് റീബിൽഡ് പദ്ധതിയിൽ രണ്ടുകോടി രൂപ അനുവദിച്ചത്.
പെരിന്തൽമണ്ണ റോഡിലെ മത്സ്യച്ചന്തയ്ക്ക് സമീപമുള്ള റോഡിൽ നിന്ന് തുടങ്ങി പള്ളിപ്പുറം റോഡിൽ ചേരുന്നതാണ് പദ്ധതി. ബൈപാസ് റോഡ് വന്നാൽ കൊപ്പം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ തന്നെ ബസ് സ്റ്റാൻഡ് പരിസരത്തേക്കും പള്ളിപ്പുറം റോഡിലും എത്താൻ കഴിയും. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാനും സാധിക്കും. കുന്നംകുളം, തൃത്താല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗത്തേക്ക് നഗരത്തിൽ പ്രവേശിക്കാതെ കടന്നുപോകാനുമാവും.
വെള്ളം കയറുന്ന ഇടങ്ങളിൽ ഇഷ്ടിക വിരിച്ചാവും നവീകരിക്കുക. നഗരസഭാപരിധിയിലെ രണ്ടുകിലോമീറ്ററോളമാണ് നിലവിൽ നവീകരിക്കുക.
പദ്ധതിയും അനുമതിയും
2005ൽ ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി കൊണ്ടുവന്നത്.
2010ൽ പദ്ധതിക്ക് തുടക്കം കുറിച്ചു.
പട്ടാമ്പി, മുതുതല പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്.
സ്ഥലമേറ്റെടുത്ത് കുറച്ചുഭാഗം റോഡ് മെറ്റലിംഗ് ചെയ്‌തെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം പദ്ധതി മുടങ്ങി.
പട്ടാമ്പി പഞ്ചായത്ത് നഗരസഭയായി മാറിയതോടെ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് ഫണ്ടനുവദിക്കുന്നതും വൈകി.
നഗരസഭയുടെ പുതിയ ഭരണസമിതി വന്നശേഷം ബൈപാസ് പദ്ധതിയുടെ പുനരുജ്ജീവനത്തിന് പദ്ധതി തയ്യാറാക്കിയിരുന്നു. രണ്ടുകോടി രൂപയുടെ പ്രവൃത്തികൾ നഗരസഭയുടെ നേതൃത്വത്തിലാണ് നടപ്പാക്കുക. പ്രവൃത്തികൾക്ക് കരാറായിട്ടുണ്ട്. പദ്ധതിക്ക് ഭരണസമിതി അംഗീകാരവും നൽകി.
- ഒ. ലക്ഷ്മിക്കുട്ടി, നഗരസഭാദ്ധ്യക്ഷ