bus-stand

നെന്മാറ: നെന്മാറ-നെല്ലിയാമ്പതി പാതയിൽ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പുനർനിർമ്മാണ പ്രവൃത്തി തുടങ്ങിയിട്ട് രണ്ടുവർഷമായെങ്കിലും ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. നെന്മാറ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കേന്ദ്രം ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് പൊതുജനങ്ങളുടെ നിരന്തരാവശ്യ പ്രകാരം പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുനർനിർമ്മാണം ആരംഭിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച പുനർനിർമ്മാണം സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് നിലച്ചത്. തേപ്പു പണിയാണ് ഇനി ബാക്കിയുള്ളത്.

നെന്മാറ ബസ് സ്റ്റാൻഡ് വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് നെല്ലിയാമ്പതി യാത്രക്കാരുടെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രമായിരുന്നു നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും പൊലീസ് സ്റ്റേഷനും മുന്നിലായുള്ള ഈ ബസ് കാത്തിരിപ്പ് കേന്ദ്രം.

പണി പുരോഗമിക്കാൻ സാങ്കേതിക തടസങ്ങൾ വന്നതോടെ കരാറുകാരൻ പൂർത്തീകരിച്ച തുകയ്ക്കുള്ള ബിൽ തുക വാങ്ങുകയും ചെയ്തു. ഇതോടെ നെല്ലിയാമ്പതി റോഡിൽ പൊതുജനങ്ങൾക്ക് ഉപയോഗമില്ലാതെ കിടക്കുകയാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം.

തഴഞ്ഞത് പൊതുമരാമത്ത്
ചോർന്നൊലിച്ച് തുടങ്ങിയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയാണ് പുതിയത് നിർമ്മിക്കാൻ നെന്മാറ പഞ്ചായത്ത് നടപടിയെടുത്തത്. അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനുപകരം പൂർണമായും പൊളിച്ചുമാറ്റി പണിതുടങ്ങുകയും ചെയ്തു. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് അനുമതിയില്ലാതെ ബസ് കാത്തുനിൽപ്പുകേന്ദ്രം നിർമ്മിക്കുന്നു എന്ന രീതിയിൽ പൊതുമരാമത്ത് വകുപ്പിന് പരാതി ലഭിച്ചു. തുടർന്ന് പൊതുമരാമത്ത് പഞ്ചായത്തിന് നോട്ടീസ് നൽകി. 50 വർഷത്തോളം പൊതുമരാമത്ത് റോഡരികിൽ നിലനിന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പുനർനിർമ്മിക്കുന്ന സമയത്ത് സാങ്കേതിക തടസം ഉന്നയിച്ചു. അതേസമയം പൊതുമരാമത്ത് റോഡിന് ഇരു വശങ്ങളിലുമുള്ള അനധികൃത കച്ചവട കേന്ദ്രങ്ങൾക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാറുമില്ല. പൊതുതാത്പര്യം എന്ന വ്യാജേന സ്വകാര്യ വ്യക്തി അനധികൃത നിർമ്മാണമാരോപിച്ച് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതോടെയാണ് പ്രവൃത്തി മുടങ്ങിയതെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു.

മഴയും വെയിലും കൊണ്ട് യാത്രക്കാർ

പണി പൂർത്തിയാവാത്തതിനാൽ നെല്ലിയാമ്പതി, പോത്തുണ്ടി, ചാത്തമംഗലം, കരിമ്പാറ ഭാഗത്തേക്കുള്ള യാത്രക്കാർ മഴയും വെയിലും കൊണ്ട് പാതയോരത്ത് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്.