train

കൊല്ലങ്കോട്: പാലക്കാട് - പൊള്ളാച്ചി റെയിൽവേ ലൈൻ ബ്രോഡ് ഗേജാക്കിയതോടെ മുടങ്ങിയത് ഇതുവഴി സർവീസ് നടത്തിയിരുന്ന അഞ്ചോളം പാസഞ്ചർ ട്രെയിനുകളുടെ സർവീസുകൾ. 2008 ഡിസംബർ 10 നാണ് മീറ്റർ ഗേജിലൂടെ അവസാന യാത്ര നടത്തിയത്. എട്ട് വർഷത്തോളം കഴിഞ്ഞാണ് ബ്രോഡ് ഗേജ് ലൈനിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പാലക്കാട് മുതൽ ദിണ്ഡിക്കൽ വരെയും പൊള്ളാച്ചി മുതൽ പോത്തന്നൂർ വരെയും ബ്രോഡ് ഗേജ് ലൈനിനായി 640 കോടി രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. 2016 നവംബർ 15 നാണ് പാലക്കാട് - പൊള്ളാച്ചി ബ്രോഡ്‌ ഗേജ് ലൈനിൽ ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും പാസഞ്ചർ ട്രെയിനുകൾ ഇനിയും ഓടി തുടങ്ങിയിട്ടില്ല. പാലക്കാട് - രാമേശ്വരം ട്രെയിൻ പുനഃസ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. 94 കോടി രൂപയോളം ചെലവഴിച്ച് വൈദ്യുതീകരണം നടത്തി കഴിഞ്ഞ ഒക്ടോബറോടെ ഇതുവഴി സർവീസ് നടത്തുന്ന അമൃത, തിരിച്ചെന്തൂർ, ചെന്നൈ എക്സ്‌പ്രസുകൾ വൈദ്യുതി ലൈനിന്റെ സഹായത്തോടെ സർവീസ് നടത്തുന്നുണ്ടെങ്കിലും പുതിയ ട്രെയിനുകൾ അനുവധിക്കപ്പെട്ടിട്ടില്ല.

 കൊല്ലം പാലരുവി, എറണാകുളം മെമു പൊള്ളാച്ചി വരെ നീട്ടണം

കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ സർവീസ് ആരംഭിച്ച് പാലക്കാട് റെയിൽവേ സ്റ്റേഷൻ നാലു മണിക്കൂറോളം നിർത്തിയിടുന്ന പാലരുവി, മെമു ട്രെയിനുകൾ പൊള്ളാച്ചിവരെ നീട്ടണം. പൊള്ളാച്ചിയിൽ നിന്നും കൊല്ലത്തേക്ക് പാലരുവി എക്സ്പ്രസും, പൊള്ളാച്ചിയിൽ നിന്നും എറണാകുളത്തേക്ക് മെമുവും സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ഏറെ ഗുണം ലഭിക്കുന്നതാണ്.

 അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടണം.

തിരുവനന്തപുരത്തു നിന്നും മധുരൈ വരെ സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം റെയിൽവേ പരിഗണിക്കുന്നു. ഈ വർഷം തന്നെ സർവീസ് തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.