ksrtc

 പുതിയ അന്തർസംസ്ഥാന സർവീസുകൾ വരുന്നു

പാലക്കാട്: വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. കോയമ്പത്തൂർ, പൊള്ളാച്ചി, ഗൂഡല്ലൂർ, ചെങ്കോട്ട, തെങ്കാശി, തിരുപ്പൂർ എന്നിവയ്ക്കു പുറമേ പുതുച്ചേരി, ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങാനാണ് നീക്കം.

അന്തർ സംസ്ഥാന റൂട്ടുകൾക്ക് മൂന്ന് വർഷം മുമ്പ് ധാരണയായെങ്കിലും സർവീസുകൾ തുടങ്ങാൻ വൈകുന്നതിനെതിരേ വ്യാപകപരാതി ഉയർന്നിരുന്നു. റൂട്ടുകളുടെ കാര്യത്തിലും സമയക്രമത്തിലും വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ബസുകൾ തയ്യാറാക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഡിപ്പോകൾക്ക് സർവീസ് തുടങ്ങാനാവും വിധമാവും നടപടികൾ ഏകോപിപ്പിക്കുക.

അന്തർ സംസ്ഥാന പെർമിറ്റുള്ള 88 ബസുകളാണ് ഇതിനായി സജ്ജീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

കൊടുങ്ങല്ലൂരിൽ നിന്ന് പാലക്കാട്, കൊഴിഞ്ഞാമ്പാറ വഴി പൊള്ളാച്ചിയിലേക്കും തൃശൂരിൽ നിന്ന് കൊഴിഞ്ഞാമ്പാറ വഴി പൊള്ളാച്ചിയിലേക്കും സർവീസ് തുടങ്ങും. കോയമ്പത്തൂരിലേക്ക് - തൃശൂർ, ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നീ ഡിപ്പോകളിൽ നിന്ന് മൂന്ന് ബസുകളും ആരംഭിക്കും. ഇവ മൂന്നും ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ വഴിയാണ് സർവീസ് നടത്തുക.

അർത്തുങ്കൽ - വേളാങ്കണ്ണി, തൃശൂർ - ബാംഗ്ലൂർ, തൊടുപുഴ -ബാംഗ്ലൂർ, പത്തനംതിട്ട - ബാംഗ്ലൂർ, കോട്ടയം - ബാംഗ്ലൂർ, എറണാകുളം - ചെന്നൈ, എറണാകുളം - പുതുച്ചേരി തുടങ്ങിയ സർവീസുകളാണ് നടപ്പാക്കുക.

പറമ്പിക്കുളത്തേക്കും സർവീസ്

ഗതാഗതക്ലേശം ഏറ്റവും രൂക്ഷമായ പറമ്പിക്കുളത്തേക്കും സർവീസ് ഉണ്ടാകും. ഗുരുവായൂർ - പറമ്പിക്കുളം,​ പാലക്കാട്‌ - കൊഴിഞ്ഞാമ്പാറ റൂട്ടിലാവും ബസ് സർവീസ് നടത്തുക. വണ്ടിയുടെ സമയക്രമം സംബന്ധിച്ച് പ്രാഥമികചർച്ചകൾ നടത്തി ധാരണയായിട്ടുണ്ട്. ഇത് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന് അംഗീകാരത്തിനായി സമർപ്പിക്കും.