canal

കുഴൽമന്ദം: മലമ്പുഴ ഇടതു കനാൽ കുഴൽമന്ദം കൃഷിഭവന്റെ പരിധിയിൽപ്പെട്ട ഇല്ലത്തുപാടം പാടശേഖരസമിതിയും ഇടക്കാട് ചരപ്പറമ്പ് പാടശേഖരസമിതിയും സംയുക്തമായി 1500 മീറ്റർ നീളമുള്ള കാഡാ കനാലിലെ കാടുവെട്ടിയും, മണ്ണും, ചെളിയും മാറ്റി വൃത്തിയാക്കാൽ ആരംഭിച്ചു. രണ്ടാം വിളനെൽകൃഷിക്ക് മലമ്പുഴ ഡാമിൽ നിന്നുള്ള ജലസേചന വിതരണതിനുള്ള കാഡാ കനാലുകൾ വൃത്തിയാക്കുന്ന പ്രവർത്തിയിൽ നിന്നും തൊഴിലുറപ്പ് ജലസേചന വകുപ്പും കൈയൊഴിഞ്ഞ സാഹചര്യത്തിലാണിത്.

കൃഷി വകുപ്പ് പാടശേഖരസമിതികൾക്കായി ഹെക്ടറിന് 360 രൂപ പ്രകാരം അനുവദിച്ച പ്രവർത്തന ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്.ദൈർഘ്യമുള്ള കാഡാ കനാൽ പൂർണമായും വൃത്തിയാക്കാൻ സമിതികളിൽ ഇപ്പോൾ കൈവശമുളള തുക കൊണ്ട് മാത്രം കഴിയില്ലെന്ന് സമിതികളുടെ ഭാരവാഹികളായ ഐ.സിബോസ്, ജി. ഉണ്ണികൃഷ്ണൻ, കെ.നാരായണൻ, പി.സ്വാമിനാഥൻ എന്നിവർ അറിയിച്ചു.
കാഡാ കനാലുകളുടെ നവീകരണ പ്രവർത്തികളിൽ നിന്നും ഇതര വകുപ്പുകൾ പിൻമാറിയ സാഹചര്യത്തിൽ പാടശേഖര സമിതികൾക്കുള്ള പ്രവർത്തന ഫണ്ട് ഹെക്ടറിന് 1000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ഇല്ലത്തുപാടം പാടശേഖരസമിതി സെക്രട്ടറി ഐ.സിബോസ് നിവേദനം നൽകിയിട്ടുണ്ട്.