
ചെർപ്പുളശ്ശേരി: ചളവറയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായി മാറുകയാണ് തെരുവ് നായ്ക്കൾ. പറമ്പിൽ മേയാൻ വിട്ട മൂന്ന് ആടുകളെ ഇന്നലെ തെരുവ് നായ്ക്കൾ കടിച്ചു കീറി. 8-ാം വാർഡ് മുണ്ടക്കാട് മേൽമുറി കുട്ടന്റെ ആടുകളെയാണ് തെരുവ് നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. കടിയേറ്റ ആടുകളെ മൃഗാശുപത്രിയിൽ കൊണ്ടു പോയി ചികിത്സ തേടിയെങ്കിലും ഒരാട് പിന്നീട് ചത്തു. കടിയേറ്റ മറ്റ് ആടുകളുടേയും പരിക്ക് ഗുരുതരമാണ്. ആട് വളർത്തിയും കൃഷിപ്പണി ചെയ്തും കഴിഞ്ഞു വരുന്ന കുടുംബമാണ് കുട്ടന്റെത്. രാവിലെ വീടിനടുത്തുള്ള പറമ്പിലേക്ക് മേയാൻ വിട്ട ആടുകളെ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് അക്രമിക്കുകയായിരുന്നെന്ന് കുട്ടന്റെ ഭാര്യ മീനാക്ഷി പറഞ്ഞു. നായ്ക്കളെ ആട്ടി ഓടിച്ചാണ് ആടുകളെ രക്ഷപ്പെടുത്തിയത്. ഇവരുടെ ഉപജീവന മാർഗ്ഗം കൂടിയാണ് ഇതോടെ വഴി മുട്ടിയത്. പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെ തെരുവുനായ്ക്കളുടെ അക്രമണം പതിവായിട്ടുണ്ടെന്നും ബന്ധപെട്ടവർ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.