
മണ്ണാർക്കാട്: ഖത്തറിൽ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഫുട്‌ബാൾ ആവേശം മണ്ണാർക്കാടെത്തിക്കുകയാണ് മണ്ണാർക്കാട് റൂറൽ ബാങ്ക്. ഇതിന്റെ ഭാഗമായി ബാങ്ക് കോമ്പൗണ്ടിൽ ഒരുക്കിയ ലോകകപ്പ് സെൽഫി കൗണ്ടർ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഫുട്‌ബാൾ പ്രേമികൾക്ക് ഇവിടെയെത്തി ലോകകപ്പിന്റെ മാതൃകയ്‌ക്കൊപ്പം സെൽഫിയെടുക്കാം. ഇത് കൂടാതെ ഫുട്‌ബാൾ പ്രവചന മത്സരവും റൂറൽ ബാങ്ക് ഒരുക്കിയിട്ടുണ്ട്.
സെമി ലൈനപ്പ്, ഫൈനൽ ലൈനപ്പ്, വിന്നർ, റണ്ണേഴ്സ് അപ്പ് തുടങ്ങി 4 ടീമുകളെയും ശരിയായി പ്രവചിക്കുന്നവർക്ക് 10000 രൂപ സമ്മാനമായി ലഭിക്കും. സെമി ലൈനപ്പ്, ഫൈനൽ ലൈനപ്പ് എന്നിവ പ്രവചിക്കുന്നവർക്ക് 5000 രൂപ വീതവും ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, സെക്രട്ടറി എം.പുരുഷോത്തമൻ തുടങ്ങിയവർ പറഞ്ഞു. നവംബർ 30 വരെയാണ് അവസരം. ഒന്നിൽ കൂടുതൽ ശരിയുത്തരം വരികയാണെങ്കിൽ നറുക്കെടുക്കും. കെ.സി.കെ സൈദാലി, ബാങ്ക് ഡയറക്ടർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.