radholsavam
ക​ൽ​പ്പാ​ത്തി​ ​ര​ഥോ​ത്സ​വ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​വി​ശാ​ലാ​ക്ഷി​ ​സ​മേ​ത​ ​വി​ശ്വ​നാ​ഥ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ശി​വാ​ചാ​ര്യാ​ ​പ്ര​ഭു​ദേ​വ​ ​സേ​നാ​പ​തി​യു​ടെ​യും​ ​ശി​വാ​ചാ​ര്യാ​ ​ര​ക്ത​ന​ ​സ​ഭാ​വ​തി​യു​ടെ​യും​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​കൊ​ടി​യേ​റ്റം.

പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. രാവിലെ 11ന് വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് രഥോത്സവത്തിന് കൊടിയേറിയത്.
ഒന്നാം തേരുനാളായ 14ന് രാവിലെ രഥാരോഹണത്തിനു ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. രാത്രി 10.30ന് ഗ്രാമപ്രദക്ഷിണവും നടക്കും. 15ന് രാവിലെ 10.30ന് രഥാരോഹണവും വൈകീട്ട് അഞ്ചിന് രഥപ്രദക്ഷിണവും ആരംഭിക്കും. അവസാന നാളായ 16നാണ് ദേവരഥ സംഗമം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയിലാണ് മൂന്നുനാളുകൾ ഗ്രാമവീഥികളിൽ പ്രയാണം ചെയ്ത ദേവരഥങ്ങൾ സംഗമിക്കുക.

 സംഗീതോത്സവം ഇന്ന് മുതൽ

കൽപ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവം ഇന്ന് മുതൽ 13 വരെ നടക്കും. ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച പത്മഭൂഷൺ ടി.വി. ശങ്കരനാരായണൻ നഗർ വേദിയിൽ ഇന്ന് വൈകീട്ട് ആറിന് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷനാകും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, രമ്യ ഹരിദാസ്, എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, മുഹമ്മദ് മുഹ്സിൻ, കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, നഗരസഭാ ചെയർപഴ്സൺ പ്രിയ അജയൻ എന്നിവർ മുഖ്യാതിഥികളാവും.